ന്യൂഡല്‍ഹി: ഐ.ഐ.ടികള്‍ക്കു പിന്നാലെ കേന്ദ്രസര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സാങ്കേതിക സ്ഥാപനങ്ങള്‍ക്കും പ്രവേശന മാനദണ്ഡങ്ങളില്‍ ഇളവുവരുത്തുമെന്ന് മാനവവിഭവശേഷി വികസന വകുപ്പുമന്ത്രി രമേഷ് പൊഖ്രിയാല്‍. ഇതോടെ എന്‍.ഐ.ടി ഉള്‍പ്പടെയുള്ള സാങ്കേതിക സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന മാനദണ്ഡത്തില്‍ ഇളവുവരും.

എന്‍.ഐ.ടികളിലും മറ്റ് കേന്ദ്ര ധനസഹായമുള്ള സാങ്കേതിക സ്ഥാപനങ്ങളിലുമുള്ള പ്രവേശനത്തിന്, ജെ.ഇ.ഇ മെയിന്‍ യോഗ്യത നേടുന്നതിനുപുറമെ, 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷകളില്‍ കുറഞ്ഞത് 75% മാര്‍ക്ക് നേടുകയോ അല്ലെങ്കില്‍ യോഗ്യതാ പരീക്ഷകളില്‍ ആദ്യ 20 പെര്‍സെന്റൈലില്‍ ഇടംനേടുകയോ വേണം. എന്നാല്‍ ഇത്തവണ ജെ.ഇ.ഇ മെയിന്‍ യോഗ്യത നേടുന്ന വിദ്യാര്‍ഥികള്‍ 12-ാം ക്ലാസ് പരീക്ഷ പാസായാല്‍മതിയെന്ന് സെന്‍ട്രല്‍ സീറ്റ് അലോക്കേഷന്‍ ബോര്‍ഡ് തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.

നേരത്തെ ഐ.ഐ.ടി പ്രവേശനത്തിനും യോഗ്യതാ മാനദണ്ഡങ്ങളില്‍ കേന്ദ്രം ഇളവുവരുത്തിയിരുന്നു. ജെ.ഇ.ഇ മെയിന്‍ പരീക്ഷയ്ക്ക് ആദ്യത്തെ 2,50,000 സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് ജെ.ഇ.ഇ അഡ്വാന്‍സ്ഡ് എഴുതാം. ഇതില്‍ ലഭിക്കുന്ന റാങ്ക് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം നല്‍കുക. ഐ.ഐ.ടി പ്രവേശനത്തിന് പന്ത്രണ്ടാംക്ലാസില്‍ 75 ശതമാനം മാര്‍ക്ക് വേണമെന്ന നിബന്ധന ഇത്തവണ ബാധകമായിരിക്കില്ല. പന്ത്രണ്ടാം ക്ലാസ് പാസാകുന്നവര്‍ പ്രവേശനത്തിന് അര്‍ഹരായിരിക്കും.

കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് നേരത്തെ രണ്ടുതവണ മാറ്റിവെച്ച ജെ.ഇ.ഇ മെയിന്‍ സെപ്റ്റംബര്‍ 1 മുതല്‍ 6 വരെ നടത്തുമെന്നാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഒടുവില്‍ അറിയിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 27-നാണ് ജെ.ഇ.ഇ അഡ്വാന്‍സ്ഡ്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ബോര്‍ഡുകള്‍ക്ക് പുറമെ വിവിധ സംസ്ഥാനങ്ങളും ഇത്തവണ പരീക്ഷകള്‍ ഭാഗികമായി റദ്ദാക്കിയിരുന്നു.

Content Highlights: Centre Eases Admission Rules For NITs and Other Centrally Funded Technical Institutions