കാസര്‍ക്കോട്: ഹരിത ക്യാമ്പസ് യാഥാര്‍ഥ്യമാക്കാന്‍ 'ഒരു മരം ദത്തെടുക്കാം' പദ്ധതിയുമായി കേരള കേന്ദ്ര സര്‍വകലാശാല. പദ്ധതിയുടെ ഭാഗമായി സര്‍വകലാശാലയിലെ അധ്യാപകരും ജീവനക്കാരും ഒന്നോ അതിലധികമോ മരങ്ങള്‍ ഏറ്റെടുത്ത് പരിപാലിക്കും. 

വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്.വെങ്കടേശ്വരലുവിന്റെ നിര്‍ദേശപ്രകാരം ക്യാമ്പസ് ഡെവലപ്‌മെന്റ് കമ്മിറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്. നാല് മരങ്ങള്‍ ഏറ്റെടുത്ത് വൈസ് ചാന്‍സലര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

ഫലവൃക്ഷത്തൈകള്‍ക്ക് പുറമേ ആകര്‍ഷകമായ പൂക്കളുള്ള ബോട്ടില്‍ ബ്രഷ് ചെടികളും ക്യാമ്പസില്‍ നട്ടുവളര്‍ത്തും. ആയിരത്തിലേറെ മരങ്ങള്‍ ഇപ്രകാരം സംരക്ഷിക്കാന്‍ സാധിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ഹരിത കാമ്പസിന്റെ ഭാഗമായി അടുത്ത ഘട്ടത്തില്‍ ആയിരത്തിലേറെ ചെടികള്‍ നട്ടു വളര്‍ത്താനാണ് പദ്ധതി. 

അരലക്ഷത്തിലേറെ മരങ്ങളുള്ള മിനി ഫോറസ്റ്റ് യാഥാര്‍ഥ്യമാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ക്യാമ്പസ് ഡെവലപ്‌മെന്റ് കമ്മിറ്റി അംഗം ഡോ.ജിന്നി ആന്റണിയാണ് പദ്ധതിയുടെ കോര്‍ഡിനേറ്റര്‍.

Content Highlights: Central University of Kerala introduces 'Adopt a Tree' for green campus