തിരുവനന്തപുരം: സര്‍വകലാശാലകളിലെ അധ്യാപകനിയമനം സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ നിയമം കേന്ദ്രസര്‍ക്കാര്‍ തള്ളി. ഒരു സര്‍വകലാശാലയില്‍ വിഷയഭേദമില്ലാതെ സമാന തസ്തികകള്‍ ഒരു യൂണിറ്റായി കണക്കാക്കി സംവരണം നിശ്ചയിക്കണമെന്നതാണ് കേരളത്തിലെ നിയമം. എന്നാല്‍, ഓരോ വകുപ്പും വിഷയവും അടിസ്ഥാനമാക്കി യൂണിറ്റ് തിരിച്ച് സംവരണം കണക്കാക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിര്‍ദേശം.

അലഹാബാദ് ഹൈക്കോടതിയുടെ വിധിയും അത് ശരിവെച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയും കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. കേന്ദ്രമാനവശേഷി മന്ത്രാലയം നിര്‍ദേശിച്ചതുപ്രകാരം സംവരണരീതിയില്‍ മാറ്റംവരുത്തണമെന്ന് കാണിച്ച് യു.ജി.സി. സര്‍വകലാശാലകള്‍ക്ക് കത്തയച്ചു.

പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളില്‍ നിയമനം നടത്തുമ്പോള്‍ എല്ലാ വിഷയങ്ങളും ചേര്‍ത്ത് ഒരു യൂണിറ്റാക്കി കണക്കാക്കണമെന്നാണ് കേരളത്തിലെ സംവരണ നിയമം.

ഉദാഹരണത്തിന്, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ വിഷയഭേദമെന്യേ ആകെയുള്ള തസ്തിക കണക്കാക്കി അതിന്റെ നിശ്ചിതശതമാനം സംവരണം നല്‍കണം. ഈ രീതി വരുമ്പോള്‍ ഒറ്റ തസ്തികയ്ക്ക് സംവരണം ലഭിക്കില്ല. ഒരു ഒഴിവ് മാത്രമേയുള്ളൂവെങ്കില്‍ സംവരണം ബാധകമല്ലെന്നാണ് പൊതുനിയമം.

സംസ്ഥാനത്തെ സര്‍വകലാശാലകളിലും നേരത്തേ ഓരോ വിഷയവും യൂണിറ്റാക്കിക്കണ്ട് സംവരണം കണക്കാക്കുന്ന രീതിയാണ് നിലനിന്നത്. എന്നാല്‍, ഒറ്റ തസ്തികയില്‍ സംവരണം ബാധകമാക്കാത്തതിലൂടെ കനത്ത സംവരണനഷ്ടം ഉണ്ടായതായി വിമര്‍ശനം ഉയര്‍ന്നു.

ഇതേത്തുടര്‍ന്നാണ് സംവരണരീതി മാറ്റി എല്ലാ വകുപ്പുകളെയും പൊതുവായിക്കണ്ട് സംവരണം നടപ്പാക്കാന്‍ 2013-ല്‍ സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നത്. ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ 105 അധ്യാപകതസ്തികകളിലേക്ക് കേരള സര്‍വകലാശാലയില്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.

എന്നാല്‍, നിയമന നടപടികള്‍ക്കെതിരായ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. സര്‍വകലാശാലയെ ആകെ ഒരു യൂണിറ്റായിക്കണ്ട് സംവരണം നിശ്ചയിക്കുന്നത് അശാസ്ത്രീയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. പല വകുപ്പുകളിലും എല്ലാ ഒഴിവുകളും സംവരണ തസ്തികയായി മാറിയിട്ടുണ്ട്.

ഉദ്ദാഹരണത്തിന് തമിഴ് പഠന വകുപ്പില്‍ ഒരു പ്രൊഫസര്‍, ഒരു അസോസിയേറ്റ് പ്രൊഫസര്‍ തസ്തികകളുള്ളതില്‍ രണ്ടും അന്ധ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംവരണം ചെയ്തിരിക്കുകയാണ്.

പല വിഷയങ്ങള്‍ തമ്മില്‍ ഏകോപിപ്പിച്ച് സംവരണം കണക്കാക്കുന്നതാണ് അലഹാബാദ് ഹൈക്കോടതിയിലും ഹര്‍ജിയായി എത്തിയത്. അതത് വിഷയങ്ങള്‍ ഒരു യൂണിറ്റായി കാണുന്നതേ ശാസ്ത്രീയമാകൂവെന്നായിരുന്നു അലഹാബാദ് കോടതിയുടെ തീര്‍പ്പ്. ഇത് സുപ്രീംകോടതി ശരിവെച്ചു.

തുടര്‍ന്ന് ഈ വിധികളുടെ പശ്ചാത്തലത്തില്‍ സംവരണവ്യവസ്ഥകളില്‍ വരുത്തേണ്ട മാറ്റം മാനവശേഷി വകുപ്പ് വിദഗ്ധ സമിതിയെ നിയോഗിച്ച് പഠിച്ചു. ഈ സമിതിയുടെ ശുപാര്‍ശ കൂടി കണക്കിലെടുത്താണ് സര്‍വകലാശാലാ അധ്യാപക നിയമനത്തിനുള്ള സംവരണ വ്യവസ്ഥയില്‍ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

യു.ജി.സി. നിര്‍ദേശം കേരളത്തില്‍ നടപ്പാക്കുന്നതിന് അതിനനുസൃതമായ മാറ്റം സര്‍വകലാശാലാ നിയമത്തില്‍ വരുത്തണം. സുപ്രീംകോടതി വിധി സംവരണ നിയമത്തിലെ മാറ്റം നിര്‍ദേശിക്കുന്നതിനാല്‍ കേരള സര്‍വകലാശാലയിലേതടക്കമുള്ള നിയമനക്കേസുകളില്‍ ഇത് നിര്‍ണായകമാകും.

Content Highlights: Kerala Universities, Teachers, Reservation Policy, Central Government, Kerala Government