ന്യൂഡല്‍ഹി: സി.ബി.എസ്.ഇ. പാഠ്യപദ്ധതിയില്‍ ഇനി നിര്‍മിതബുദ്ധിയും വിഷയമായി ഉള്‍പ്പെടുത്തും. നൂതന സാങ്കേതികവിദ്യയില്‍ വിദ്യാര്‍ഥികള്‍ക്ക് അവഗാഹമുണ്ടാക്കാന്‍ ലക്ഷ്യമിട്ടാണിത്. ഹൈസ്‌കൂള്‍ ക്ലാസുകളില്‍ നൈപുണ്യവിഷയമായി അടുത്ത അധ്യയനവര്‍ഷം മുതല്‍  ഇതുള്‍പ്പെടുത്താനാണ് പദ്ധതി. 

എട്ടു മുതല്‍ പത്തുവരെ ക്ലാസുകളില്‍ പുതിയ വിഷയത്തിന്റെ സിലബസ് വൈകാതെ തയ്യാറാക്കും. ആവശ്യമെങ്കില്‍ ഈ വിഷയം പഠിപ്പിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കാനും  സ്‌കൂളുകളെ ബോര്‍ഡ് സഹായിക്കും. 

നിര്‍മിതബുദ്ധി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള ആശയം നീതി ആയോഗാണ് മുന്നോട്ടുവെച്ചത്. തുടര്‍ന്ന് സി.ബി.എസ്.ഇ. ഇതിന്റെ സാധ്യതയെക്കുറിച്ച് പഠനം നടത്തി. നിലവില്‍ നിര്‍മിതബുദ്ധി പഠിപ്പിക്കുന്ന സ്‌കൂളുമായും അധികൃതര്‍ ചര്‍ച്ച നടത്തിയിരുന്നു. 

രാജ്യത്ത് സി.ബി.എസ്.ഇ.യുടെ കീഴില്‍ 20,299  സ്‌കൂളുകളാണുള്ളത്. കൂടാതെ 25 രാജ്യങ്ങളിലെ 220 സ്‌കൂളുകളും സി.ബി.എസ്.ഇ.യുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്നുണ്ട്.

Content Highlight: CBSE to introduce artificial intelligence courses in high school classes