ന്യൂഡല്‍ഹി: 2020ല്‍ ബോര്‍ഡ് പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ എളുപ്പമുള്ള ചോദ്യപ്പേപ്പറുകളാകും നല്‍കുകയെന്ന് സി.ബി.എസ്.ഇ. പത്താംക്ലാസ് പരീക്ഷയെഴുതുന്നവര്‍ക്ക് വിവരണാത്മക രീതിയിലുള്ള ചോദ്യങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് ബോര്‍ഡ് ചൊവ്വാഴ്ച പോസ്റ്റ് ചെയ്ത ട്വീറ്റില്‍ വ്യക്തമാക്കി.

ഹിന്ദി, ഇംഗ്ലീഷ്, സയന്‍സ്, ഗണിതം, സോഷ്യല്‍ സയന്‍സ്, സംസ്‌കൃതം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അടുത്ത വര്‍ഷം വിവരണാത്മക ചോദ്യങ്ങളുടെ എണ്ണം കുറയ്ക്കും. വിദ്യാര്‍ഥികള്‍ക്ക് സമ്മര്‍ദമില്ലാതെ കൂടുതല്‍ സര്‍ഗ്ഗാത്മകമായി ഉത്തരങ്ങളെഴുതാന്‍ ഇത് സഹായിക്കുമെന്നും ബോര്‍ഡ് ട്വീറ്റില്‍ പറയുന്നു.

മൂല്യനിര്‍ണയ രീതിയിലുള്‍പ്പെടെ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് ഈ വര്‍ഷമാദ്യം സി.ബി.എസ്.ഇ വ്യക്തമാക്കിയിരുന്നു. മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുള്‍പ്പെടെ 25 ശതമാനം ഒബ്ജക്ടിവും 75 ശതമാനം വിവരണാത്മകവുമായ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്താനും ശുപാര്‍ശയുണ്ട്. ചോദ്യങ്ങളുടെ എണ്ണം കുറയുമ്പോള്‍ കുട്ടികള്‍ക്ക് കൂടുതല്‍ ആലോചിച്ച് നന്നായി എഴുതാനാകുമെന്നും അധികൃതര്‍ കണക്കുകൂട്ടുന്നു.

അതേസമയം പാഠപുസ്തകങ്ങളില്‍ വലിയ മാറ്റംവരാതെ പരീക്ഷയില്‍ മാറ്റംവരുന്നതിനെ എതിര്‍ത്ത് ധാരാളംപേര്‍ രംഗത്തുവന്നിട്ടുണ്ട്. പരീക്ഷ കൂടുതല്‍ എളുപ്പമാകുമ്പോള്‍ കൂടുതല്‍ മാര്‍ക്ക് നേടാനും വിജയശതമാനം വര്‍ധിപ്പിക്കാനും ബോര്‍ഡിനു കഴിഞ്ഞേക്കാം. എന്നാല്‍ ഇതുമൂലം വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകിച്ച് ഗുണഫലം കിട്ടില്ലെന്നും വിമര്‍ശകര്‍ പറയുന്നു.

Content Highlights: CBSE to bring major changes in board exams; easier question paper for class ten students