ന്യൂഡല്‍ഹി: കോവിഡ്-19 വ്യാപനം തടയാന്‍ പ്രഖ്യാപിച്ച അടച്ചിടല്‍ തുടരുന്ന സാഹചര്യത്തില്‍ 2020-'21 അധ്യയനവര്‍ഷത്തേക്കുള്ള സിലബസ് ലഘൂകരിക്കാന്‍ സി.ബി.എസ്.ഇ. ആലോചിക്കുന്നു. ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായി ബോര്‍ഡ് വൃത്തങ്ങള്‍ പറഞ്ഞു.

സിലബസ് ലഘൂകരിക്കാനുള്ള നടപടികള്‍ എന്‍.സി.ഇ. ആര്‍.ടി. നേരത്തേ ആരംഭിച്ചതായി ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വരുന്ന അധ്യയനവര്‍ഷം വിദ്യാര്‍ഥികളുടെ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കിയേക്കും. പരമാവധി സമയം അക്കാദമികപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാനാണിത്. ആദ്യ ടേമില്‍ ഇപ്പോഴുള്ളതുപോലെ അധ്യയനം നടത്താനും രണ്ടാമത്തെ ടേമിലേക്കുള്ള പാഠഭാഗങ്ങള്‍ കുറയ്ക്കാനുമാണ് ബോര്‍ഡ് ശ്രമിക്കുന്നത്.

സിലബസ് ലഘൂകരിക്കുന്ന കാര്യത്തില്‍ ബന്ധപ്പെട്ടവരില്‍നിന്ന് അഭിപ്രായങ്ങള്‍ തേടിയതായും അവരുടെ നിര്‍ദേശങ്ങള്‍ അധികൃതര്‍ പരിശോധിച്ചുവരുകയാണെന്നും ഉന്നതോദ്യോഗസ്ഥന്‍ പറഞ്ഞു. മുതിര്‍ന്ന അധ്യാപകരുമായി നടത്തിയ വെബിനാറിലാണ് സിലബസ് ലഘൂകരിക്കുന്നതിനെക്കുറിച്ചുള്ള സൂചന അധികൃതര്‍ നല്‍കിയത്.

വിദ്യാര്‍ഥികളോട് അനുകമ്പയും സഹാനുഭൂതിയും ഉണ്ടായിരിക്കണമെന്നും അടച്ചിടല്‍മൂലം അവര്‍ വിഷാദത്തിലേക്കും ഒറ്റപ്പെടലിലേക്കും പോകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും അധ്യാപകരോട് ബോര്‍ഡ് നിര്‍ദേശിച്ചു.

വീട്ടില്‍ കഴിയുന്ന വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തണമെന്നും അവരുടെ സര്‍ഗാത്മക പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും ബോര്‍ഡ് പറഞ്ഞു.

http://cbseacademic.nic.in/curriculum_2021.html എന്ന ലിങ്കില്‍ 9 മുതല്‍ 12 വരെ ക്ലാസുകാര്‍ക്കുള്ള കരിക്കുലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പല വിഷയങ്ങള്‍ക്കും ചില യൂണിറ്റുകള്‍ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. പ്രാക്ടിക്കല്‍ വിഷയങ്ങള്‍ക്കും ചില ഇളവുകള്‍ വരുത്തിക്കൊണ്ടാണ് പരിഷ്‌കരണം വരുത്തിയിട്ടുള്ളത്.

Also Read: വിദ്യാര്‍ഥികള്‍ക്കായി ബദല്‍ അധ്യയന കലണ്ടര്‍ പുറത്തിറക്കി എന്‍.സി.ഇ.ആര്‍.ടി

 

Content Highlights: CBSE syllabus 2020-21 changed as per new NCERT academic calendar