ന്യൂഡല്‍ഹി: കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ മാറ്റിവെച്ച സാഹചര്യത്തില്‍ ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ മുഴുവന്‍ കുട്ടികളെയും വിജയിപ്പിക്കുമെന്ന് സി.ബി.എസ്.ഇ അറിയിച്ചു. 

9-ാം ക്ലാസിലെയും 11-ാം ക്ലാസിലെയും വിദ്യാര്‍ഥികളെ ഇന്റേണല്‍ അസസ്‌മെന്റിന്റെ അടിസ്ഥാനത്തില്‍ വിജയിപ്പിക്കുമെന്നും സി.ബി.എസ്.ഇ വ്യക്തമാക്കി. പ്രോജക്ട് വര്‍ക്ക്, ടേം പരീക്ഷകള്‍, അസൈന്‍മെന്റുകള്‍ തുടങ്ങിയവയില്‍ വിദ്യാര്‍ഥികള്‍ നടത്തിയ പ്രകടനം വിലയിരുത്തിയാവും ഈ ക്ലാസുകളില്‍ വിജയം നിര്‍ണയിക്കുക. ടേം പരീക്ഷകളും പ്രോജക്ടുകളും ചെയ്യാന്‍ കഴിയാതിരുന്നവര്‍ക്ക് ഓണ്‍ലൈനായോ വീടുകളില്‍ത്തന്നെയോ ഇതിനുള്ള അവസരം നല്‍കാമെന്നും സി.ബി.എസ്.ഇ വ്യക്തമാക്കി.

10, 12 ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്കായി പരീക്ഷ എപ്പോള്‍ നടത്താനാകുമെന്ന് നിലവില്‍ പറയാനാകില്ല. 29 പ്രധാന വിഷയങ്ങളില്‍ മാത്രമേ ഇനി പരീക്ഷ നടത്തൂ. ഉപരിപഠനത്തിന് നിര്‍ണായകമായ വിഷയങ്ങളാണിവ. സ്ഥിതിഗതികള്‍ വിലയിരുത്തി പരീക്ഷാത്തീയതികള്‍ സംബന്ധിച്ച് എത്രയും വേഗത്തില്‍ തീരുമാനമെടുക്കാനാവുമെന്നാണ് സി.ബി.എസ്.ഇ അധികൃതര്‍ പ്രതീക്ഷിക്കുന്നത്. പരീക്ഷയ്ക്ക് 10 ദിവസം മുന്‍പെങ്കിലും ഇത് സംബന്ധിച്ച വിവരങ്ങള്‍ എല്ലാവരെയും അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

വടക്കു-കിഴക്കന്‍ ഡല്‍ഹിയില്‍ പ്രത്യേക സാഹചര്യത്തില്‍ വിവിധ പരീക്ഷകള്‍ മാറ്റിവെക്കേണ്ടിവന്നിരുന്നു. അവയും പിന്നീട് നടത്തും. ഇവിടെയൊഴികെ മറ്റെല്ലായിടത്തും 10-ാം ക്ലാസ് പരീക്ഷകള്‍ നടത്തിക്കഴിഞ്ഞിരുന്നു. പരീക്ഷ നടത്താനുള്ള വിവിധ വിഷയങ്ങളുടെ പട്ടിക സി.ബി.എസ്.ഇ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വാര്‍ത്താക്കുറിപ്പില്‍ നല്‍കിയിട്ടുണ്ട്. 

നിലവിലെ സാഹചര്യത്തില്‍ മൂല്യനിര്‍ണയം പുനരാരംഭിക്കാനാവില്ല. ഇതുസംബന്ധിച്ച അറിയിപ്പുകളും പിന്നീട് വരുന്നതായിരിക്കും. വ്യാജ വാര്‍ത്തകളെ വിശ്വസിക്കരുതെന്നും സി.ബി.എസ്.ഇ മുന്നറിയിപ്പുനല്‍കുന്നു. എല്ലാവിവരങ്ങളും ഔദ്യോഗിക വെബ്‌സൈറ്റായ www.cbse.nic.in-ല്‍ പ്രസിദ്ധീകരിക്കുമെന്നും സി.ബി.എസ്.ഇ വ്യക്തമാക്കി.

Also Read: പരീക്ഷകള്‍ ഏപ്രില്‍ 22ന് പുനരാരംഭിക്കില്ല; പ്രചരിക്കുന്നത് വ്യാജവാര്‍ത്ത-സി.ബി.എസ്.ഇ

Content Highlights: CBSE students of classes 1 to 8 to be promoted directly, classes 9 and 11 on basis on internal assesment