ന്യൂഡല്‍ഹി: നിര്‍മിത ബുദ്ധി, യോഗ, ബാല്യകാല സംരക്ഷണ വിദ്യാഭ്യാസം എന്നിവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സി.ബി.എസ്.ഇ.യുടെ തീരുമാനം. വരുന്ന അധ്യയനവര്‍ഷംമുതല്‍ ഒമ്പതാം ക്ലാസില്‍ നിര്‍മിതബുദ്ധി ഓപ്ഷണല്‍ വിഷയമായി ഉള്‍പ്പെടുത്തും. സ്‌കൂളുകള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ എട്ടാം ക്ലാസിലും നിര്‍മിത ബുദ്ധിയുടെ മൊഡ്യൂള്‍ ചേര്‍ക്കാനവസരമുണ്ട്.

യോഗ, ബാല്യകാല സംരക്ഷണ വിദ്യാഭ്യാസം എന്നീ വിഷയങ്ങള്‍ സീനിയര്‍ സെക്കന്‍ഡറി തലത്തില്‍ ഇലക്ടീവ് വിഷയമായിരിക്കും. നൈപുണിവിഷയങ്ങള്‍ സെക്കന്‍ഡറി തലത്തില്‍ ആറാമത്തെ വിഷയമായി തിരഞ്ഞെടുക്കാന്‍ അവസരം നല്‍കും. 42 നൈപുണി വിഷയങ്ങളില്‍ ഒന്നോ, അതിലധികമോ വിഷയങ്ങള്‍ ഇലക്ടീവ് വിഷയമായി പഠിക്കാം.

തിരഞ്ഞെടുത്ത വിഷയങ്ങളില്‍ പരാജയപ്പെട്ടാല്‍ വീണ്ടും പരീക്ഷയെഴുതാനുള്ള അവസരം നല്‍കും. പുതിയതായി ഉള്‍പ്പെടുത്തിയ വിഷയങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സ്‌കൂള്‍ അധികൃതര്‍ മാര്‍ച്ച് 31നകം സി.ബി.എസ്.ഇ.ക്ക് അപേക്ഷ നല്‍കണം.

Content HIghlights: CBSE students can opt for Artificial Intelligence, Yoga from April 2019