ന്യൂഡല്‍ഹി: സീനിയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ ഇലക്ടീവ് വിഷയമായി അപ്ലൈയ്ഡ് മാത്തമാറ്റിക്‌സ് ഉള്‍പ്പെടുത്തി സി.ബി.എസ്.ഇ. 2020-21 അധ്യയനവര്‍ഷത്തില്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് അപ്ലൈഡ് മാത്തമാറ്റിക്‌സ് ഇലക്ടീവ് വിഷയമായി തിരഞ്ഞെടുക്കാം.

പത്താംക്ലാസില്‍ ബേസിക് മാത്തമാറ്റിക്‌സ് പഠിച്ചവര്‍ക്കാണ് അപ്ലൈഡ് മാത്തമാറ്റിക്‌സ് (കോഡ് 241) തിരഞ്ഞെടുക്കാന്‍ അവസരം. മാത്തമാറ്റിക്‌സ് ഉന്നതപഠനത്തിന് തിരഞ്ഞെടുക്കുന്നവരും എന്‍ജിനിയറിങ് കോളേജില്‍ ചേരാനാഗ്രഹിക്കുന്നവരും മാത്തമാറ്റിക്‌സ് (കോഡ് 041) തന്നെ പഠിച്ചിരിക്കണം.

ബേസിക് മാത്തമാറ്റിക്‌സ് പഠിച്ചവര്‍ക്ക് പതിനൊന്നാം ക്ലാസില്‍ മാത്തമാറ്റിക്‌സില്‍ പ്രവേശനം അനുവദിക്കില്ല. കൊമേഴ്‌സ് (ബിസിനസ്/ഫിനാന്‍സ്/ഇക്കണോമിക്‌സ്), സോഷ്യല്‍ സയന്‍സ് വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ വിഷയങ്ങളില്‍ അടിസ്ഥാനപാഠങ്ങള്‍ മനസ്സിലാക്കാന്‍ അപ്ലൈഡ് മാത്തമാറ്റിക്‌സ് സഹായിക്കും.

നിലവില്‍ അപ്ലൈഡ് മാത്തമാറ്റിക്‌സ് (കോഡ് 840) സ്‌കില്‍ ഇലക്ടീവായി പതിനൊന്നാം ക്ലാസില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് 2020-21 അധ്യയനവര്‍ഷം 12-ാം ക്ലാസില്‍ അപ്ലൈഡ് മാത്തമാറ്റിക്‌സ് (കോഡ് 241) തിരഞ്ഞെടുക്കാം. വരുന്ന അധ്യയനവര്‍ഷംമുതല്‍ സ്‌കില്‍ ഇലക്ടീവ് വിഷയമായി അപ്ലൈഡ് മാത്തമാറ്റിക്‌സ് ഉണ്ടാവില്ലെന്നും സി.ബി.എസ്.ഇ.യുടെ അറിയിപ്പില്‍ പറയുന്നു.

Content Highlights: CBSE students can now chose applied mathematics as an elective subject