കോഴിക്കോട്: സി.ബി.എസ്.ഇ. 10-ാം ക്ലാസ് ഇന്റേണൽ അസസ്‌മെന്റുമായി ബന്ധപ്പെട്ട് വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടെന്ന് സി.ബി.എസ്.ഇ. അധികൃതർ. കോവിഡ് പശ്ചാത്തലത്തിൽ പരീക്ഷ റദ്ദാക്കിയതോടെ മൂല്യനിർണയ രീതി എങ്ങനെയാണെന്ന കാര്യത്തിൽ വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിലായിരുന്നു. വിദ്യാർഥികളുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങൾ ഉടൻ പുറത്തിറക്കുമെന്നും അവസാനഘട്ട ചർച്ചയിലാണെന്നും സി.ബി.എസ്.ഇ. അധികൃതർ പറഞ്ഞു.

വസ്തുനിഷ്ഠമായ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പരീക്ഷയ്ക്കു പകരമുള്ള ഇന്റേണൽ അസസ്‌മെന്റ് നടത്തുക. പ്രാക്ടിക്കൽ പരീക്ഷ, പ്രോജക്ട്, ഇന്റേണൽ അസസ്‌മെന്റ് എന്നിവ അടിസ്ഥാനമാക്കിയാണ് മാർഗരേഖ തയ്യാറാക്കുന്നതെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രതികരണത്തിന് അധികൃതർ തയ്യാറായില്ല.

ഇന്റേണൽ അസസ്‌മെന്റ് പ്രകാരം മാർക്ക്/ഗ്രേഡ് ലഭിക്കുന്ന വിദ്യാർഥികൾക്ക്‌ ഇതിൽ എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ സാഹചര്യങ്ങൾ അനുകൂലമായാൽ പരീക്ഷ എഴുതുന്നതിന് അവസരം നൽകുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാൽ അറിയിച്ചിരുന്നു. വിദ്യാർഥികൾക്ക് ബുദ്ധിമുട്ടുകൾ ഇല്ലാത്ത രീതിയിലാകും പരീക്ഷകൾ. പരീക്ഷയ്ക്ക് 15 ദിവസം മുൻപ് വിദ്യാർഥികളെ അറിയിക്കുമെന്ന് അധികൃതർ പറഞ്ഞു.

തുടർപഠന സാധ്യത എങ്ങനെയാണെന്ന കാര്യത്തിൽ ആശങ്കയുണ്ടെന്ന് വിദ്യാർഥികൾ പറഞ്ഞു. കഴിഞ്ഞവർഷം പത്താം ക്ലാസ് വിദ്യാർഥികൾ ചില പരീക്ഷകൾ എഴുതിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവർക്ക് സ്ഥാനക്കയറ്റം നൽകിയത്. എന്നാൽ, ഈ വർഷം ബോർഡ് പരീക്ഷ നടത്താതെ എങ്ങനെയാണ് വിദ്യാർഥികളുടെ പഠന മികവ് വിലയിരുത്തുകയെന്ന് രക്ഷിതാക്കൾ ചോദിച്ചു.

വ്യാജ വാർത്തകൾ വിശ്വസിക്കരുത്

സി.ബി.എസ്.ഇ. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാർത്തകൾ തള്ളിക്കളയണമെന്ന് സി.ബി.എസ്.ഇ. അധികൃതർ അറിയിച്ചു. സി.ബി.എസ്.ഇ.യുടെ അറിയിപ്പുകൾ ഔദ്യോഗിക വെബ്‌സൈറ്റായ www.cbse.nic.in വഴിയും സാമൂഹിക മാധ്യമങ്ങളായ ഇൻസ്റ്റഗ്രാം: https://www.instagram.com/cbse_hq_1929/ , ട്വിറ്റർ: https://twitter.com/cbseindia29 , ഫെയ്‌സ്ബുക്ക്: https://www.facebook.com/cbseindia29/ എന്നിവയിലൂടെയും അറിയിക്കും.

ഉന്നത പഠനം: പ്രവേശനത്തിന് പൊതുമാനദണ്ഡം വേണം

2021-ലെ ബിരുദ, പ്രൊഫഷണൽ കോഴ്‌സ് പ്രവേശനത്തിന് സി.ബി.എസ്.ഇ. വിദ്യാർഥികളെയും പരിഗണിക്കുന്ന രീതിയിൽ പൊതുമാനദണ്ഡം വേണമെന്ന് വിദ്യാർഥികൾ. 12-ാം ക്ലാസ് സംസ്ഥാന സിലബസ് പരീക്ഷകൾ ഏപ്രിലോടെ അവസാനിക്കും. എന്നാൽ, 12-ാം ക്ലാസ് സി.ബി.എസ്.ഇ. പരീക്ഷകൾ നടത്തുന്നതിന് ഇതുവരെ തീരുമാനമായിട്ടില്ല. സംസ്ഥാനങ്ങൾ പ്രവേശനനടപടികൾ നേരത്തേ തുടങ്ങിയാൽ അവസരം നഷ്ടമാകുമെന്നും കോവിഡ് സാഹചര്യത്തിൽ രാജ്യത്ത് പ്രവേശനത്തിന് പൊതുമാനദണ്ഡം വേണമെന്നും വിദ്യാർഥികൾ പറഞ്ഞു. സി.ബി.എസ്.ഇ. 12-ാം ക്ലാസ് ഫലം വന്നതിനുശേഷമേ പ്രവേശന നടപടികൾ ആരംഭിക്കാവുവെന്ന് കേരള സി.ബി.എസ്.ഇ. സ്കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് ടി.പി.എം. ഇബ്രാഹീം ഖാൻ പറഞ്ഞു.

Content Highlights: CBSE SSLC Exam Covid 19 Ramesh Pokhriyal