ന്യൂഡല്‍ഹി: സി.ബി.എസ്.ഇ. പ്ലസ്ടു ആദ്യ ടേമില്‍ നടന്ന ഇംഗ്ലീഷ്, കണക്ക് പരീക്ഷകളുടെ കാഠിന്യത്തെക്കുറിച്ചുള്ള പരാതികള്‍ പരിശോധിക്കാന്‍ ഈ മാസം 15ന് സി.ബി.എസ്.ഇ. ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. വിഷയത്തില്‍ എം.പി.മാരായ കെ.സി. വേണുഗോപാല്‍, എന്‍.കെ. പ്രേമചന്ദ്രന്‍ എന്നിവര്‍ മന്ത്രിയെ നേരില്‍ക്കണ്ട് ചര്‍ച്ച നടത്തിയപ്പോഴാണ് ഇക്കാര്യം അറിയിച്ചത്.

ഈ മാസം നടന്ന ഇംഗ്ലീഷ്, കണക്ക് പരീക്ഷകളിലെ ചോദ്യങ്ങള്‍ പലതും അവ്യക്തവും പാഠപുസ്തകത്തിനു പുറത്തുനിന്നുള്ളവയും സമയമേറെയെടുത്ത് ചെയ്യേണ്ടവയും ആണെന്ന് വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. ധാരാളം വിദ്യാര്‍ഥികളും രക്ഷിതാക്കളും ഉന്നയിച്ച ഈ പരാതിയാണ് മന്ത്രിയെ അറിയിച്ചത്. വേണുഗോപാല്‍ മന്ത്രിക്ക് കത്തും നല്‍കി. വിദ്യാര്‍ഥികളുടെ ഭാവി രക്ഷിക്കുന്നതിനായി ഉത്തരക്കടലാസ് മൂല്യനിര്‍ണയം പരമാവധി ലളിതമാക്കണമെന്നുമുള്ള ആവശ്യം പ്രേമചന്ദ്രന്‍ ലോക്‌സഭയിലും ഉന്നയിച്ചു

മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ പലതും യു.പി.എസ്.സി. നിലവാരത്തിലുള്ളതാണെന്ന് ആരോപണമുണ്ട്.

കോവിഡ് പ്രതിസന്ധിമൂലം ഓണ്‍ലൈനായി ക്ലാസുകളില്‍ പങ്കെടുക്കുകയും വേണ്ടത്ര അധ്യയനം ലഭിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലുമാണ് വിദ്യാര്‍ഥികളെ വലയ്ക്കുന്ന ചോദ്യങ്ങളുമായി സി.ബി.എസ്.ഇ. പരീക്ഷകള്‍ നടക്കുന്നതെന്ന പരാതിയുമുണ്ട്.

Content Highlights: CBSE Plus Two Exam 2021