ന്യൂഡല്‍ഹി: പന്ത്രണ്ടാംക്ലാസ് പരീക്ഷാഫലം ജൂലായ് 31-നകം പ്രസിദ്ധീകരിക്കുമെന്ന് സി.ബി.എസ്.ഇ. സുപ്രീംകോടതിയെ അറിയിച്ചു. ഫലത്തില്‍ തര്‍ക്കമുള്ള വിദ്യാര്‍ഥികളുടെ പരാതികള്‍ കൈകാര്യംചെയ്യാന്‍ കമ്മിറ്റിയുണ്ടാക്കിയതായും ബോര്‍ഡ് അറിയിച്ചു. തൃപ്തരല്ലാത്തവര്‍ക്ക് ഓപ്ഷണലായി പരീക്ഷയെഴുതാം.

പരീക്ഷാ രജിസ്ട്രേഷന്‍ ഓണ്‍ലൈനിലായിരിക്കും. ഓഗസ്റ്റ് 15-നും സെപ്റ്റംബര്‍ 15-നുമിടയില്‍ പരീക്ഷ നടത്താനാണ് ആലോചിക്കുന്നത്. അതെഴുതുന്നവര്‍ക്ക് ആ മാര്‍ക്കാകും അന്തിമഫലം. മുഖ്യവിഷയങ്ങളില്‍ മാത്രമാകും പരീക്ഷ. കംപാര്‍ട്ട്മെന്റ് വിദ്യാര്‍ഥികളുടെ പരീക്ഷയും ഓഗസ്റ്റ് 15-നും സെപ്റ്റംബര്‍ 15-നുമിടയില്‍ നടത്തും. സുപ്രീംകോടതിയുടെ അംഗീകാരത്തോടെ കഴിഞ്ഞവര്‍ഷം നടത്തിയ രീതിയിലാകും കംപാര്‍ട്ട്മെന്റ് പരീക്ഷയെന്നും സി.ബി.എസ്.ഇ. അറിയിച്ചു.

അതേസമയം, ഫലം കണക്കാക്കാന്‍ സമര്‍പ്പിച്ച ഫോര്‍മുല സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള ആശങ്ക പരിഹരിക്കണമെന്ന് സി.ബി.എസ്.ഇ., ഐ.എസ്.സി. ബോര്‍ഡുകളോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഫലം കണക്കാക്കുന്നതിന് വിദ്യാര്‍ഥി പഠിച്ച സ്‌കൂളിന്റെ മുന്‍വര്‍ഷങ്ങളിലെ പ്രകടനംകൂടി വിലയിരുത്തുന്നതിനെ ചോദ്യംചെയ്ത് ഉത്തര്‍പ്രദേശ് പാരന്റ് അസോസിയേഷന്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

Content Highlights: CBSE Plus two board exams