ന്യൂഡല്‍ഹി: അടുത്ത അധ്യയനവര്‍ഷം മുതല്‍ എന്‍.സി.ഇ.ആര്‍.ടി.യുടെ (നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്) പാഠപുസ്തകം പഠിപ്പിക്കണമെന്ന സി.ബി.എസ്.ഇ.യുടെ നിര്‍ദേശം ഭൂരിഭാഗം സ്‌കൂളുകളും അവഗണിച്ചു. രാജ്യത്തെ പത്തുശതമാനം സ്‌കൂളുകളേ 2018-19 ലേക്ക് ആവശ്യമായ പുസ്തകങ്ങള്‍ക്കുള്ള ഓര്‍ഡര്‍ നല്‍കിയിട്ടുള്ളൂ. ഓര്‍ഡര്‍ നല്‍കേണ്ട കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് ഈ മാസം 23 വരെ നീട്ടിയിട്ടുണ്ട്.

കേരളത്തിലെ 1,380 അഫിലിയേറ്റഡ് സ്‌കൂളുകളുകളില്‍ 616 എണ്ണമേ ഓര്‍ഡര്‍ നല്‍കിയിട്ടുള്ളൂ. എങ്കിലും കൂടുതല്‍ സ്‌കൂളുകള്‍ പുസ്തകത്തിന് ഓര്‍ഡര്‍ നല്‍കിയത് കേരളത്തില്‍നിന്നാണ് എന്നതും ശ്രദ്ധേയമാണ്. രാജ്യത്ത് 19,390 അഫിലിയേറ്റഡ് സ്‌കൂളുകളുള്ളതില്‍ 2,196 സ്‌കൂളുകള്‍ മാത്രമേ എന്‍.സി.ഇ.ആര്‍.ടി. പുസ്തകം ആവശ്യപ്പെട്ടിട്ടുള്ളൂ.

എന്‍.സി.ഇ.ആര്‍.ടി. പാഠപുസ്തകങ്ങള്‍ മാത്രമേ പഠിപ്പിക്കാവൂ എന്ന് നിര്‍ബന്ധമില്ലെന്ന തരത്തില്‍ സി.ബി.എസ്.ഇ. മാനേജ്‌മെന്റ് സ്‌കൂള്‍ അസോസിയേഷന്‍ പ്രസ്താവന ഇറക്കിയതാണ് കേരളത്തിലെ പല സ്‌കൂളുകളെയും പാഠപുസ്തകത്തിന് ഓര്‍ഡര്‍ നല്‍കുന്നതില്‍നിന്ന് പിന്തിരിപ്പിച്ചത്.

എന്‍.സി.ഇ.ആര്‍.ടി. പാഠപുസ്തകങ്ങള്‍ക്ക് 30 മുതല്‍ 180 രൂപ വരെയാണ് വില. മിക്ക പുസ്തകങ്ങളും 50 രൂപയ്ക്ക് ലഭിക്കും. എന്നാല്‍ സ്വകാര്യപ്രസാധകരുടെ പല പുസ്തകങ്ങള്‍ക്കും മൂന്നൂറു രൂപയോളം വിലയുണ്ട്.

സ്വാകാര്യപ്രസാധകരുടെ പുസ്തകങ്ങള്‍ വാങ്ങാന്‍ കുട്ടികളെയും മാതാപിതാക്കളെയും നിര്‍ബന്ധിക്കരുതെന്ന് കാണിച്ച് 2016 ഏപ്രില്‍ 12-ന് സി.ബി.എസ്.ഇ. ബോര്‍ഡ് ഉത്തരവിട്ടിരുന്നു. ചോദ്യപേപ്പറുകള്‍ തയ്യാറാക്കുന്നത് എന്‍.സി.ഇ.ആര്‍.ടി. പാഠപുസ്തകങ്ങളെ ആധാരമാക്കിയാണെന്നും സ്വകാര്യപ്രസാധകരുടെ പുസ്തകങ്ങള്‍ വാങ്ങാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നത് അനാരോഗ്യകരമായ പ്രവണതയാണെന്നും സര്‍ക്കുലറില്‍ പറഞ്ഞിരുന്നു.

സ്‌കൂള്‍വളപ്പില്‍ പാഠപുസ്തകങ്ങളും മറ്റ് പഠനോപകരണങ്ങളും വില്‍ക്കുന്നത് നിരോധിച്ച് നേരത്തേ ബോര്‍ഡ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇതേത്തുടര്‍ന്ന് എന്‍.സി.ഇ.ആര്‍.ടി.യുടെ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് എത്തിക്കുന്നതിനെക്കുറിച്ച് പല സ്‌കൂളുകളും ആശങ്ക അറിയിച്ചു. പേന, പെന്‍സില്‍, കടലാസ് തുടങ്ങിയവ വാങ്ങാന്‍ സ്‌കൂളിനു പുറത്തുപോകേണ്ടിവരുന്നത് കുട്ടികളുടെ സുരക്ഷിതത്വത്തിന് ഭീഷണിയാണെന്നും മാനേജ്‌മെന്റുകള്‍ അറിയിച്ചതിനെത്തുടര്‍ന്ന് എന്‍.സി.ഇ.ആര്‍.ടി. പുസ്തകങ്ങളും മറ്റ് പഠനോപകരണങ്ങളും വില്‍ക്കാന്‍ 'ടക് ഷോപ്പ്' (ചെറിയ സ്റ്റോര്‍) തുറക്കാന്‍ ബോര്‍ഡ് അനുമതിനല്‍കി.

ഈ സര്‍ക്കുലറിന്റെ മറവില്‍ മറ്റ് പാഠപുസ്തകങ്ങളും വില്‍ക്കാനാണ് പല സ്‌കൂളുകളും ഇപ്പോള്‍ ഒരുങ്ങുന്നത്.