ന്യൂഡല്‍ഹി: ഈ ലോക്ക്ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ ടീച്ചര്‍ ട്രെയിനിങ് പ്രോഗ്രാമുമായി സി.ബി.എസ്.ഇ. സി.ബി.എസ്.ഇയ്ക്ക് കീഴിലുള്ള സെന്റര്‍ ഫോര്‍ എക്‌സലന്‍സുകളാണ് ഈ സൗജന്യ കോഴ്‌സുകള്‍ നടത്തുന്നത്. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്ന അധ്യാപകര്‍ക്ക് ഇ-സര്‍ട്ടിഫിക്കറ്റും ലഭ്യമാക്കുമെന്ന് സി.ബി.എസ്.ഇ അറിയിച്ചു. 

1,200 ഓളം സെഷനുകളാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. ഒരു മണിക്കൂറാണ് ഒരു സെഷന്റെ ദൈര്‍ഘ്യം. അഞ്ച് സെഷനുകളാണ് ഒരു ദിവസത്തെ ട്രെയിനിങ്ങിലുണ്ടാവുക.. കോവിഡ്-19 രോഗബാധയെ ചെറുക്കാനായി സാമൂഹ്യ അകലം പാലിക്കുന്നതിന്റെ ഭാഗമായി ക്ലാസ്സുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറിയിരിക്കുകയാണ്. ഇത് കൂടുതല്‍ ഫലപ്രദമാകണമെങ്കില്‍ അധ്യാപകര്‍ക്കും മികച്ച പരിശീലനം ലഭിക്കണം. അതിനാണ് ഇത്തരമൊരു ട്രെയിനിങ് ഒരുക്കിയിരിക്കുന്നതെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി. 

പരീക്ഷണാടിസ്ഥാനത്തില്‍ ഏപ്രില്‍ മൂന്നാംവാരം നടത്തിയ പരിശീലന പരിപാടിയില്‍ 500 ഓണ്‍ലൈന്‍ സെഷനുകളാണ് നടന്നത്. 15 സെന്റര്‍ ഫോര്‍ എക്‌സലന്‍സ് കേന്ദ്രങ്ങളുടെ ആഭിമുഖ്യത്തില്‍ നടത്തിയ പരിശീലനത്തില്‍ 35,000ത്തോളം അധ്യാപകരാണ് പങ്കെടുത്തത്. ഇതോടെയാണ് ബൃഹത്തായ പരിശീലനവുമായി സി.ബി.എസ്.ഇ മുന്നോട്ട് വന്നത്. കൂടതല്‍ വിവരങ്ങള്‍ ഓദ്യോഗിക വെബ്‌സൈറ്റായ cbse.nic.in ലഭിക്കും. 

Content Highlights: CBSE launches free online teacher training, covid-19, corona virus, lockdown