ന്യൂഡൽഹി: വിദ്യാർഥികൾക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) പ്ലാറ്റ്ഫോമൊരുക്കി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി.ബി.എസ്.ഇ). ഇൻടെല്ലുമായി ചേർന്നാണ് എ.ഐ. സ്റ്റുഡൻഡ് കമ്മ്യൂണിറ്റി (എ.ഐ.എസ്.സി) എന്ന് പേരുള്ള പ്ലാറ്റ്ഫോം സി.ബി.എസ്.ഇ ആരംഭിച്ചിട്ടുള്ളത്.

പഠനവും പങ്കുവെയ്ക്കലും വർധിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ഈ പ്ലാറ്റ്ഫോം വഴി ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ച് വിദ്യാർഥികളെ ബോധ്യപ്പെടുത്തുകയാണ് സിബി.എസ്.ഇ ലക്ഷ്യം. സി.ബി.എസ്.ഇ ബോർഡിന് കീഴിൽ പഠിക്കുന്ന എല്ലാകുട്ടികൾക്കും ഈ പ്ലാറ്റ്ഫോം ഉപയോഗിക്കാം. അതിനായി www.cbseacademic.nic.in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യണം.

രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്ക് മുഖാ-മുഖപരിപാടികൾ, വെബിനാറുകൾ തുടങ്ങി ഈ പ്ലാറ്റ്ഫോമിലെ എല്ലാ പരിപാടികളിലും പങ്കെടുക്കാം. നിരവധി ചാലഞ്ചുകളിൽ പങ്കെടുത്ത് സ്വയം വിലയിരുത്താനും ബ്ലോഗുകളെഴുതാനും രാജ്യത്തെ വിഭാഗങ്ങളിലുള്ള കുട്ടികളുമായി സംവദിക്കാനും എ.ഐ. സ്റ്റുഡൻഡ് കമ്മ്യൂണിറ്റി വേദിയൊരുക്കുന്നുണ്ട്.

Content Highlights: CBSE launches artificial intelligence platform for students