ന്യൂഡൽഹി: കോവിഡ്കാലത്ത് വിദ്യാർഥികളുടെ മാനസികാരോഗ്യം സംരക്ഷിക്കാൻ സി.ബി.എസ്.ഇ. 'ആപ്പ്' പുറത്തിറക്കി. 'ദോസ്ത് ഫോർ ലൈഫ്' (dost for life) എന്ന ആപ്പിലൂടെ കൗൺസലറോട് തത്സമയം സംസാരിക്കാം.

ഒൻപതുമുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കുള്ള വാർഷിക കൗൺസലിങ് 10-ന് ഈ ആപ്പിൽ തുടങ്ങും. പരിശീലനം ലഭിച്ച കൗൺസലർമാരും പ്രിൻസിപ്പൽമാരും സൗജന്യമായി തത്സമയ കൗൺസലിങ് സെഷനുകൾ നടത്തും. 12-ാം ക്ലാസ് കഴിഞ്ഞുള്ള ഉപരിപഠനത്തെക്കുറിച്ചും വിദ്യാർഥികൾക്ക് ഉപദേശം നൽകും. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലായിരിക്കും കൗൺസലിങ്. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ, 1.30 മുതൽ 5.30 വരെ എന്നിങ്ങനെ രണ്ട് സമയങ്ങളിലാണ് കൗൺസലിങ് നടക്കുക. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അവരുടെ സൗകര്യമനുസരിച്ച് ഇതിൽ ഏതുസമയവും തിരഞ്ഞെടുക്കാം.

പരീക്ഷയെക്കുറിച്ചുള്ള ഉത്‌കണ്ഠ, ഇന്റർനെറ്റ് ഉപയോഗിക്കുന്നതിലുള്ള പ്രയാസങ്ങൾ, മാനസികപിരിമുറുക്കം, പ്രത്യേക പഠനരീതികൾ എന്നിങ്ങനെ വ്യത്യസ്ത മേഖലകളാക്കിയാണ് കൗൺസലിങ് നടത്തുകയെന്ന് സി.ബി.എസ്.ഇ. സ്കൂൾ വൃത്തങ്ങൾ പറഞ്ഞു. ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് 'ആപ്പ്' ലഭ്യമാകും. നിലവിൽ ഈ സൗകര്യം ആൻഡ്രോയ്‌ഡ് ഉപഭോക്താക്കൾക്കേ ലഭിക്കൂ. വരുംദിവസങ്ങളിൽ വിപുലീകരിച്ച് മറ്റ് പ്ലാറ്റ്ഫോമുകൾക്കും നൽകും.

Content Highlights: CBSE Launch Dost for Life app for students