വാഴക്കുളം: സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസിലെ ബോർഡ് പരീക്ഷയ്ക്ക് മുൻവർഷങ്ങളിൽനിന്ന്‌ വ്യത്യസ്തമായി ഏഴ് അക്കത്തിന് പകരം എട്ട് അക്കങ്ങളുള്ള സംഖ്യയാണ് ഇത്തവണ വിദ്യാർഥികൾക്ക് റോൾ നമ്പറായി ലഭിച്ചിരിക്കുന്നത്. എന്നാൽ, പഴയതുപോലെ അക്കങ്ങൾ രേഖപ്പെടുത്തുന്നതിനായി ഏഴ് ചതുരങ്ങളേ ഉത്തരക്കടലാസിൽ ഉള്ളൂ. അതുകൊണ്ടുതന്നെ റോൾ നമ്പർ രേഖപ്പെടുത്തുമ്പോൾ അല്പം ശ്രദ്ധിക്കണം.

പരീക്ഷാഹാളിൽ ഇൻവിജിലേറ്റർ നൽകുന്ന നിർദേശങ്ങൾ ശ്രദ്ധിച്ച് ചെയ്യുക. ആരംഭ നമ്പർ ഇടതു വശത്ത് തുടക്കത്തിൽത്തന്നെ എഴുതി താഴെ യഥാസ്ഥാനത്ത് കറുപ്പിക്കണമെന്നാണ് സി.ബി.എസ്.ഇ. നൽകുന്ന നിർദേശം. പത്താം ക്ലാസിലെയും പന്ത്രണ്ടിലെയും ഉത്തരക്കടലാസിലാണ് ഇത്തരത്തിൽ എഴുതേണ്ടത്. ആരംഭ നമ്പർ ഒന്ന് എന്ന അക്കത്തിലാണ് ആരംഭിക്കുന്നതെങ്കിൽ തുടക്കത്തിൽ ആദ്യ ചതുരത്തിനു മുമ്പായി ഒന്ന് എഴുതുകയും ആദ്യ വരിയിൽ കറുപ്പിക്കുകയും വേണം. രണ്ട് എന്ന അക്കത്തിലാണെങ്കിലും ഇതുപോലെ എഴുതിയ ശേഷം രണ്ടാമത്തെ നിരയിൽ കറുപ്പിക്കണം.

പതിനഞ്ചിനാണ് പത്താംക്ലാസ് പരീക്ഷ ആരംഭിക്കുന്നത്. സ്കൂൾ യൂണിഫോം, സ്കൂൾ ഐഡന്റിറ്റി കാർഡ്, ഹാൾ ടിക്കറ്റ് എന്നിവ നിർബന്ധം. മൊബൈൽ ഫോൺ, ഇലക്‌ട്രോണിക് സാമഗ്രികൾ എന്നിവ പരീക്ഷാ ഹാളിൽ അനുവദിക്കില്ല. ഇൻസ്ട്രുമെന്റ് ബോക്സിനു പകരം സുതാര്യമായ പൗച്ചുകൾ ഉപയോഗിക്കാം. വാലറ്റുകൾ അനുവദിക്കില്ല. വിദ്യാർഥികൾ രാവിലെ 9.30-ന് പരീക്ഷാകേന്ദ്രത്തിൽ എത്തണം. 9.45-ന് ഹാളിൽ പ്രവേശിക്കാം. 10 മണിക്ക് ശേഷം ക്ലാസിൽ കയറാൻ അനുവദിക്കില്ല.

Content Highlights: CBSE introduces eight digit roll number from this year