പത്ത്, പന്ത്രണ്ട് സി.ബി.എസ്.ഇ ക്ലാസുകളിലെ റിസള്‍ട്ട് നിര്‍ണ്ണയത്തില്‍ സ്‌കൂളുകള്‍ക്കും റിസള്‍ട്ട് കമ്മിറ്റിക്കും വേണ്ടി ഹെല്‍പ്പ് ഡെസ്‌ക്ക് തുറന്നു. ജൂലൈ 24 മുതലാണ് പ്രവര്‍ത്തനം ആരംഭിക്കുക. പ്രവര്‍ത്തി ദിനങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ സേവനം ഉണ്ടായിരിക്കുന്നതാണ്.

മാര്‍ക്ക് പട്ടിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാന്‍ മാത്രം ഈ നമ്പറിലേക്ക് വിളിക്കാം. മറ്റു പൊതുവായ സംശയങ്ങള്‍ക്ക് ഈ നമ്പര്‍ ഉപയോഗപ്പെടുത്തേണ്ടതില്ല.

ആദ്യം സംശയങ്ങള്‍ വിശദമായി പറഞ്ഞ് കൊണ്ടുള്ള ഇമെയില്‍ അയക്കണം. പത്താം ക്ലാസ് മാര്‍ക്ക് പട്ടികയെ കുറിച്ചുള്ള സംശയങ്ങള്‍ class-10-result@cbseshiksha.in. എന്ന വിലാസത്തിലേക്കും പന്ത്രണ്ടാം ക്ലാസുമായി ബന്ധപ്പെട്ട സംശയങ്ങള്‍ class-12-result@cbseshiksha.in.എന്ന വിലാസത്തിലേക്കും അയക്കാം

സ്‌കൂളിന്റെ മുഴുവന്‍ വിശദാംശങ്ങളും വെച്ചായിരിക്കണം ഇമെയില്‍ അയക്കേണ്ടത്. സാങ്കേതിക സംശയങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട സ്‌ക്രീന്‍ ഷോട്ടുകളും അയക്കേണ്ടതുണ്ട്.

ഫോണ്‍വഴിയാണ് സംശയങ്ങള്‍ തീര്‍ക്കേണ്ടതെങ്കില്‍ 9311226587, 9311226588, 9311226589, 9311226590.ഈ നമ്പറുകളിലേക്ക് വിളിക്കാം. ഐടിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക്  9311226591. ഈ നമ്പറുമായി ബന്ധപ്പെടാം.

Content Highlights: CBSE exam results