ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ്സ് മൂല്യനിർണയത്തിനായി പ്രായോഗിക പരീക്ഷയുടേയും അസൈൻമെന്റുകളുടേയും മാർക്ക് സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി.ബി.എസ്.ഇ). ജൂൺ 28 വരെയാണ് തീയതി നീട്ടിയിരിക്കുന്നത്. ജൂൺ 28-ന് ശേഷം തീയതി നീട്ടില്ലെന്നും എല്ലാ സ്കൂളുകളും പ്രസ്തുത സമയത്തിനകം മൂല്യനിർണയം പൂർത്തിയാക്കണമെന്നും സി.ബി.എസ്.ഇ. ഔദ്യോഗിക വിജ്ഞാപനത്തിൽ അറിയിച്ചു.

കോവിഡ്-19 രോഗബാധ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രായോഗിക പരീക്ഷയും മൂല്യനിർണയവുമെല്ലാം ഓൺലൈനായി നടത്താനാണ് സ്കൂളുകളോട് ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്റേണൽ അസെസ്മെന്റ് സംബന്ധിച്ച് സംശയങ്ങൾക്ക് സ്കൂളുകൾക്ക് സി.ബി.എസ്.ഇ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം. വാചാ പരീക്ഷയ്ക്ക് പങ്കെടുക്കുന്ന വിദ്യാർഥിയുടേയും അധ്യാപകരുടേയും ഫോട്ടോ സ്കൂൾ രേഖകളിൽ സൂക്ഷിക്കാനും നിർദേശമുണ്ട്.

വിദ്യാർഥി പഠിക്കുന്ന സ്കൂളിലെ അധ്യാപകർക്ക് പുറമേ ബോർഡ് നിയോഗിക്കുന്ന എക്‌സ്‌റ്റേണൽ എക്സാമിനറും പ്രായോഗിക പരീക്ഷ/ മൂല്യനിർണയത്തിന് ഉണ്ടാകും. മൂല്യനിർണയം പൂർത്തിയാക്കിയാൽ ഉടൻ മാർക്കുകൾ അപ്ലോഡ് ചെയ്യണം. ഒരിക്കൽ അപ്ലോഡ് ചെയ്ത മാർക്കുകളിൽ തിരുത്തലുകൾ വരുത്താനാകില്ല. 

Content Highlights: CBSE Class 12 results, Last date to upload internal assessment marks extended