ന്യൂഡൽഹി: പത്താം ക്ലാസ്സ് വിദ്യാർഥികളുടെ മാർക്ക് സ്കൂളുകൾക്ക് നേരിട്ട് അപ്​ലോഡ് ചെയ്യാൻ കഴിയുന്ന ഇ-പരീക്ഷ പോർട്ടൽ തുറന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി.ബി.എസ്.ഇ). മേയ് ഒന്നാം തീയതി പ്രഖ്യാപിച്ച മാർഗനിർദേശ പ്രകാരം എല്ലാ സ്കൂളുകൾക്കും 10-ാം ക്ലാസ്സ് വിദ്യാർഥികളുടെ മാർക്കുകൾ https://www.cbse.gov.in/newsite/reg2021.html എന്ന വിലാസം വഴി പോർട്ടലിൽ അപ്ലോഡ് ചെയ്യാം.

കോവിഡ്-19 രോഗബാധ മൂലം പത്താക്ലാസ്സ് വിദ്യാർഥികളുടെ പരീക്ഷ റദ്ദാക്കിയ സി.ബി.എസ്.ഇ, പ്രത്യേക മൂല്യനിർണയ സംവിധാനമുപയോഗിച്ച് ഫലം പ്രഖ്യാപിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനായാണ് വിദ്യാർഥികൾ വർഷം മുഴുവൻ എഴുതിയ പരീക്ഷയുടെ മാർക്കും ഇന്റേണൽ അസെസ്മെന്റുകളുടെ മാർക്കും അപ്​ലോഡ് ചെയ്യാൻ സ്കൂളുകളോട് ആവശ്യപ്പെട്ടത്. ആകെ 100 മാർക്കിലാകും ഫലം.

ജൂൺ അഞ്ചിനകം എല്ലാ സ്കൂളുകളും മാർക്ക് അപ്​ലോഡ് ചെയ്യണം. ഒരിക്കൽ അപ്​ലോഡ്  ചെയ്ത ഫലം പിന്നീട് തിരുത്താൻ കഴിയില്ല. ജൂൺ മൂന്നാവാരത്തോടെയാകും ഫലപ്രഖ്യാപനം. വിദ്യാർഥികൾക്ക് ഇ-പരീക്ഷാ പോർട്ടലിൽ ലോഗിൻ ചെയ്ത് ഫലം പരിശോധിക്കാം. ഫലപ്രഖ്യാപനത്തിന് പിന്നാലെ ഒബ്ജക്ടീവ് രീതിയിലുള്ള കംപാർട്ട്മെന്റ് പരീക്ഷയും നടത്തുമെന്ന് സി.ബി.എസ്.ഇ അറിയിച്ചു.

Content Highlights: CBSE Class 10 Board Result 2021: Portal for schools to upload marks activated