ന്യൂഡല്‍ഹി: സി.ബി.എസ്.ഇ 10,12 ക്ലാസ്സുകളിലെ മൂല്യനിര്‍ണയം മേയ് 10 ഞായറാഴ്ച മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍. അധ്യാപകരുടെ വീടുകളില്‍ വെച്ചാകും മൂല്യനിര്‍ണയം നടത്തുക. 

ഉത്തരക്കടലാസ് വിതരണം ചെയ്യുന്നതിനും മറ്റുമായി 3000-ത്തോളം കേന്ദ്രങ്ങള്‍ ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. മൂല്യനിര്‍ണയം നടത്തിയ ഉത്തരക്കടലാസുകളും ഈ കേന്ദ്രത്തിലേക്കാകും എത്തുക. 2.5 കോടി ഉത്തരക്കടലാസ്സുകളാണ് ഇത്തരത്തില്‍ മൂല്യനിര്‍ണയം നടത്തുകയെന്ന് മന്ത്രി അറിയിച്ചു. 

ജൂലൈ 1 മുതല്‍ 15 വരെയാണ് 12-ാം ക്ലാസ്സ് പരീക്ഷ നടത്തുക. ഉപരിപഠനത്തിന് അടിസ്ഥാനമായി വിഷയങ്ങളില്‍ മാത്രമാകും സി.ബി.എസ്.ഇ പരീക്ഷ നടത്തുക. വടക്കു കിഴക്കന്‍ ഡല്‍ഹിയിലുള്ള വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് പത്താം ക്ലാസ്സ് പരീക്ഷ നടത്തുക. 

Content Highlights: CBSE Class 10, 12 evaluation process to begin at home by teachers: HRD Minister, Corona Virus, Lockdown