ന്യൂഡല്‍ഹി: സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ ബോര്‍ഡ് പരീക്ഷ ഫെബ്രുവരി 15-ന് ആരംഭിക്കും. പത്താംക്ലാസ് പരീക്ഷ മാര്‍ച്ച് 20-നും പന്ത്രണ്ടിലേത് മാര്‍ച്ച് 30-നും അവസാനിക്കും.

പരീക്ഷയുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അതില്‍ വിശ്വസിക്കരുതെന്നും വിദ്യാര്‍ഥികളോടും രക്ഷിതാക്കളോടും സ്‌കൂള്‍ അധികൃതരോടുമായി സി.ബി.എസ്.ഇ. സെക്രട്ടറി അനുരാഗ് ത്രിപാഠി പറഞ്ഞു. പരീക്ഷകള്‍ സുഗമമായി നടത്താനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്.

ഫെയ്സ് ബുക്ക്, യൂട്യൂബ്, വാട്സാപ്പ് തുടങ്ങിയ സാമൂഹികമാധ്യമങ്ങള്‍ വഴി പരീക്ഷസംബന്ധിച്ച വ്യാജസന്ദേശങ്ങളും വീഡിയോകളും പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് പരീക്ഷ നിശ്ചിതസമയത്തുതന്നെ നടക്കുമെന്ന് സി.ബി.എസ്.ഇ. വ്യക്തമാക്കിയത്. വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് സഹകരിക്കണമെന്നും സി.ബി.എസ്.ഇ. അഭ്യര്‍ഥിച്ചു.


Content Highlights: CBSE Board exams to be conducted onwards 15 February