ന്യൂഡല്‍ഹി: സി.ബി.എസ്.ഇ. പരീക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ പകരം സംവിധാനം പ്രാവര്‍ത്തികമാക്കാന്‍ രണ്ടുമാസമെടുക്കും. പത്താംക്‌ളാസ് മാതൃകയില്‍ ഇന്റേണല്‍ മാര്‍ക്ക് കണക്കിലെടുത്തുള്ള ഫലപ്രഖ്യാപനവും ആലോചനയിലുണ്ട്.

പത്താംക്‌ളാസ് മാതൃകയില്‍ ഒരുവര്‍ഷത്തെ ഇന്റേണല്‍ മാര്‍ക്കിന്റെ ശരാശരിയെടുത്തശേഷം കഴിഞ്ഞ മൂന്നുവര്‍ഷത്തെ ശരാശരിയുമായി ഒത്തുനോക്കുക, പന്ത്രണ്ടാം ക്‌ളാസിലെ ഇന്റേണല്‍ മാര്‍ക്കുമാത്രം പരിഗണിക്കുക, പത്തിലെ ബോര്‍ഡ് പരീക്ഷയുടെ മാര്‍ക്കും 11, 12 ക്‌ളാസുകളിലെ ഇന്റേണല്‍ മാര്‍ക്കും പരിഗണിച്ച് ശരാശരിയെടുക്കുക, പത്തിലെ ബോര്‍ഡ് മാര്‍ക്കും പന്ത്രണ്ടിലെ ഇന്റേണല്‍ മാര്‍ക്കും മാത്രം കണക്കിലെടുക്കുക എന്നിവയാണ് പരീക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുള്ള ബദല്‍മാര്‍ഗങ്ങള്‍.

ഇതിനിടെ സംസ്ഥാനബോര്‍ഡ് പരീക്ഷകളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച സുപ്രീംകോടതിയെ സമീപിക്കുമെന്ന് പന്ത്രണ്ടാം ക്ലാസ് വിഷയത്തില്‍ ഹര്‍ജി നല്‍കിയ മമത ശര്‍മ അറിയിച്ചു. സ്റ്റേറ്റ് ബോര്‍ഡുകളും റദ്ദാക്കാന്‍ ആവശ്യപ്പെടേണ്ടിവരും. ഇക്കാര്യത്തില്‍ വിവേചനം അനുവദിക്കാനാവില്ല. കേരളത്തില്‍ പ്ലസ്ടു പരീക്ഷ പൂര്‍ത്തിയായ സാഹചര്യത്തില്‍ തടസ്സമുന്നയിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.

ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലെ പ്രവേശനത്തിന് പന്ത്രണ്ടാംക്‌ളാസ് മാര്‍ക്കാണ് അടിസ്ഥാനം. ഈസാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളെയാകെ വിശ്വാസത്തിലെടുക്കും. അവരുമായുള്ള കൂടിയാലോചന ഉടന്‍ നടക്കും. സ്‌കൂളുകളുടെ നിലവാരമനുസരിച്ചുള്ള മോഡറേഷനും ആലോചനയിലുണ്ട്.

കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഇന്റേണല്‍ മാര്‍ക്കുതന്നെ കര്‍ശനപരിശോധനയ്ക്കുശേഷമാണ് നല്‍കുന്നതെന്ന കാര്യം ബോധ്യമുണ്ടെന്ന് സി.ബി.എസ്.ഇ. വൃത്തങ്ങള്‍ പറഞ്ഞു. എന്‍ട്രന്‍സ് പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രയാസമുണ്ടാവാതിരിക്കാന്‍ ബന്ധപ്പെട്ട ബോര്‍ഡുകളുമായി ചര്‍ച്ചനടത്തും. സി.ബി.എസ്.ഇ. പരീക്ഷ റദ്ദാക്കിയ കാര്യം കേന്ദ്രസര്‍ക്കാര്‍ വ്യാഴാഴ്ച സുപ്രീംകോടതിയെ അറിയിക്കും. സംസ്ഥാനബോര്‍ഡുകളുടെ കാര്യത്തിലും കോടതി ഇടപെടാനാണ് സാധ്യത.

Content Highlights: CBSE Board exams