ന്യൂഡല്‍ഹി: സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ രാജ്യത്ത് ഏറ്റവും മികച്ചവിജയം കാഴ്ചവെച്ചത് കേരളമുള്‍പ്പെടുന്ന തിരുവനന്തപുരം മേഖല. 97.67 ശതമാനം വിദ്യാര്‍ഥികളാണ് തിരുവനന്തപുരം മേഖലയില്‍നിന്ന് പരീക്ഷ വിജയിച്ചത്. കഴിഞ്ഞവര്‍ഷങ്ങളിലും ഒന്നാമതായിരുന്ന തിരുവനന്തപുരം മേഖലയില്‍ 2019-ലും 2018-ലും വിജയശതമാനം യഥാക്രമം 98.2, 97.32 എന്നിങ്ങനെയായിരുന്നു.

97.05 ശതമാനം വിജയവുമായി ബെംഗളൂരുവാണ് രണ്ടാമത്. ചെന്നൈ (96.17 %), പടിഞ്ഞാറന്‍ ഡല്‍ഹി (94.61 %), കിഴക്കന്‍ ഡല്‍ഹി (94.24 %) എന്നിവയാണ് ആദ്യ അഞ്ചില്‍വരുന്ന മറ്റു മേഖലകള്‍. പഞ്ച്കുല (92.52 %), ചണ്ഡീഗഡ് (92.04 %), ഭുബനേശ്വര്‍ (91.46 %), ഭോപ്പാല്‍ (90.95 %), പുണെ (90.24 %) എന്നിവയാണ് ആറ് മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളില്‍. 

ഏറ്റവും കുറവ് വിജയശതമാനം പാട്‌നയിലാണ് - 74.57. 82.49 ശതമാനം പേര്‍ പ്രയാഗ്‌രാജ് മേഖലയില്‍നിന്നു വിജയിച്ചു. വിജയികളുടെ എണ്ണത്തില്‍ അഖിലേന്ത്യാതലത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5.38 ശതമാനം വര്‍ധനയുണ്ടായി.

Read: സി.ബി.എസ്.ഇ 12-ാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു; വിജയശതമാനം 88.78

ബോര്‍ഡ് പരീക്ഷയില്‍ ഇത്തവണ 88.78 ശതമാനം വിദ്യാര്‍ഥികള്‍ ജയിച്ചു. 92.15 ശതമാനം പെണ്‍കുട്ടികളും 86.15 ശതമാനം ആണ്‍കുട്ടികളും വിജയിച്ചു. 66.67 ആണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികളുടെ വിജയശതമാനം. 83.40 ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം. 

ആകെ 11,92,961 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. 4984 കേന്ദ്രങ്ങളിലായി 13,109 സ്‌കൂളുകളില്‍ പരീക്ഷ നടന്നു. ജവഹര്‍ നവോദയ വിദ്യാലയങ്ങളിലെ 98.7 ശതമാനം വിദ്യാര്‍ഥികളും കേന്ദ്രീയ വിദ്യാലയങ്ങളിലെ 98.62 ശതമാനം വിദ്യാര്‍ഥികളും വിജയിച്ചു.

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഉപേക്ഷിച്ച പേപ്പറുകള്‍ക്ക് ഇന്റേണല്‍ മാര്‍ക്കിന്റെയും നേരത്തെ നടത്തിയ പരീക്ഷകളുടെയും അടിസ്ഥാനത്തിലാണ് മൂല്യനിര്‍ണയം നടത്തിയത്. മേയ് 26-ന് സുപ്രീംകോടതിയില്‍ ജൂലായ് 15-നകം ഫലപ്രഖ്യാപനം നടത്തുമെന്ന് സി.ബി.എസ്.ഇ അറിയിച്ചിരുന്നു. 

Content Highliughts: CBSE Board 12th Result 2020: Trivandrum Region Secures Highest Pass Percentage