തിരുവനന്തപുരം: സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയാലും മുൻപരീക്ഷകളെ അടിസ്ഥാനമാക്കി വിദ്യാർഥികൾക്ക് മാർക്കും ഗ്രേഡും നൽകും. പത്താംക്ലാസ് അടക്കമുള്ള മുൻ പരീക്ഷകളുടെ മാർക്കും ഹയർസെക്കൻഡറി കാലത്തെ പഠനമികവും കണക്കിലെടുക്കുമെന്നാണ് സൂചന. ഇരുബോർഡുകളിലും പ്രാക്ടിക്കൽ പരീക്ഷ കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ മാർക്കും കണക്കിലെടുക്കും.

കുട്ടികളുടെ ഭാഗത്തുനിന്നായിരിക്കും തീരുമാനമെന്നും ഉന്നതപഠനത്തിന് അവരെ സഹായിക്കുന്ന തരത്തിലായിരിക്കും മാനദണ്ഡം നിശ്ചയിക്കുന്നതെന്നും നാഷണൽ കൗൺസിൽ ഓഫ് സി.ബി.എസ്.ഇ. സ്കൂൾസ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിരാ രാജൻ പറഞ്ഞു.

എൻട്രൻസ് പരീക്ഷ വെയ്റ്റേജ് നിർണായകം

സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. പന്ത്രണ്ടാംക്ലാസ് പരീക്ഷ റദ്ദാക്കിയതിനാൽ സംസ്ഥാന എൻട്രൻസ് പരീക്ഷ സംബന്ധിച്ച തീരുമാനം നിർണായകമാകും. എൻജിനിയറിങ് കോഴ്സുകൾക്കുള്ള സംസ്ഥാന പ്രവേശനപരീക്ഷയിൽ 50 ശതമാനം വെയ്റ്റേജ് യോഗ്യതാ പരീക്ഷയായ പ്ലസ് ടുവിന്റെ മാർക്കിനാണ്. ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങളുടെ മാർക്കാണ് ഇതിന് ആധാരം.

വിവിധ സംസ്ഥാന ബോർഡുകൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. അടക്കമുള്ള ദേശീയ ബോർഡുകൾ, വിദേശരാജ്യങ്ങളിലെ ബോർഡുകൾ എന്നിവ സമീകരിച്ചാണ് പ്ലസ് ടു മാർക്കിന്റെ വെയ്റ്റേജ് കണക്കാക്കുക. ഇപ്രാവശ്യം പല ബോർഡുകളിലും പരീക്ഷ ഉപേക്ഷിച്ചു. ചില ബോർഡുകളിൽ മുൻ പരീക്ഷകളുടെ മാർക്കിന്റെയും മറ്റും ശരാശരി അടിസ്ഥാനമാക്കി പ്ലസ് ടു മാർക്ക് നിർണയിക്കുകയാണ്.

ഈ സാഹചര്യത്തിൽ പ്ലസ്ടുമാർക്ക് യഥാർഥ വിലയിരുത്തലാകുമോയെന്ന സംശയം ഉടലെടുക്കുന്നു. ഇതേസമയം സംസ്ഥാന ഹയർസെക്കൻഡറി പരീക്ഷകൾ നടന്നു. എൻട്രൻസ് പരീക്ഷയ്ക്ക് കേന്ദ്ര സിലബസിലെ കുട്ടികൾക്ക് മുൻതൂക്കം ലഭിക്കുന്നതുകൂടി കണക്കിലെടുത്തായിരുന്നു പ്ലസ് ടു പരീക്ഷയുടെ മാർക്കിന് പകുതി വെയ്റ്റേജ് നൽകാൻ നേരത്തേ നിശ്ചയിച്ചത്.

പ്ലസ്ടു മാർക്കിന്റെ വെയ്റ്റേജ് ഒഴിവാക്കാൻ തീരുമാനിച്ചാൽ എൻട്രൻസ് പരീക്ഷയുടെ മാർക്കുമാത്രമാകും റാങ്ക് പട്ടിക തയ്യാറാക്കാൻ അടിസ്ഥാനമാക്കുക. ഇക്കാര്യത്തിൽ സർക്കാർ നയപരമായ തീരുമാനം എടുക്കേണ്ടിവരും.

Content Highlights: CBSE 12 exam cancelled, Result will be published with previous years mark