കോഴിക്കോട്:  എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും കോട്ടക്കല്‍ ആര്യവൈദ്യശാലയും അര്‍ബുദ ചികിത്സാമേഖലയില്‍ ഗവേഷണത്തിനായി ഒരുമിക്കുന്നു. ഇതിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവെച്ചതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ആയുര്‍വേദത്തിന്റെ പ്രസക്തിയും ജനങ്ങള്‍ക്കുള്ള വിശ്വാസവും കണക്കിലെടുത്താണ് ഇത്തരത്തിലൊരു ഗവേഷണത്തിന് ഒരുങ്ങുന്നത്.

ആര്യവൈദ്യശാലയില്‍ നിലവില്‍ അര്‍ബുദത്തിനുള്ള ചികിത്സ നല്‍കുന്നുണ്ട്. ഇതിനുപയോഗിക്കുന്ന ഔഷധങ്ങളെക്കുറിച്ച് ശാസ്ത്രീയമായി പഠിച്ച് വിശകലന റിപ്പോര്‍ട്ട് തയ്യാറാക്കും. എം.വി.ആര്‍. കാന്‍സര്‍ സെന്ററിലെ നൂതനമായ ഗവേഷണസൗകര്യങ്ങള്‍ ഇതിനായി പ്രയോജനപ്പെടുത്തും. ആയുര്‍വേദമരുന്നുകള്‍ ശരീരത്തിലെ അര്‍ബുദകോശങ്ങളെ നശിപ്പിക്കുന്നുണ്ടോ എന്നറിയാന്‍ തന്മാത്രകളെ അടിസ്ഥാനപ്പെടുത്തിയുള്ള പഠനം, മരുന്നുകള്‍ എത്രത്തോളം ഫലപ്രദമാകും, ഇതിന്റെ സാധ്യതകളും പരിമിതികളും തുടങ്ങിയ വിഷയങ്ങളിലാണ് ഗവേഷണം.

ആദ്യഘട്ടത്തില്‍ മൂന്നുവര്‍ഷത്തേക്കാണ് ഗവേഷണം. പഠനത്തിന്റെ വ്യാപ്തിക്കനുസരിച്ച് ഇത് നീളും. കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കേന്ദ്ര ശാസ്ത്രഗവേഷണ കൗണ്‍സില്‍, അമേരിക്കയിലെ കാന്‍സര്‍ ഗവേഷണ സ്ഥാപനമായ ക്ലീവ് ലാന്‍ഡ് ക്ലിനിക്ക്, ലണ്ടനിലെ ക്യൂന്‍ മേരി സര്‍വകലാശാല തുടങ്ങിയ സ്ഥാപനങ്ങളുമായി ചേര്‍ന്നും പ്രവര്‍ത്തിക്കാന്‍ ധാരണയായിട്ടുണ്ട്. എം.വി.ആര്‍.സി.സി.ആര്‍.ഐ. മെഡിക്കല്‍ ഡയറക്ടര്‍ ഡോ. നാരായണന്‍കുട്ടി വാര്യർ, ഡോ. ഇഖ്ബാല്‍ അഹമ്മദ്, ഡോ.മുഹമ്മദ് ബഷീര്‍, കോട്ടക്കല്‍ ആര്യവൈദ്യ ശാല സൂപ്രണ്ട് ആന്‍ഡ് ട്രസ്റ്റ് ഡോ. കെ. മുരളീധരന്‍, ഡോ. പി.ആര്‍.രമേഷ്, ഡോ. ദിനേശ് മാക്കുനി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.