തിരുവനന്തപുരം: കേരള സർവകലാശാലയുടെ 2017-ലെ അധ്യാപകനിയമന വിജ്ഞാപനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ സർവകലാശാലയും അധ്യാപകരും അപ്പീൽ നൽകും.

ലോക്ഡൗൺ കഴിഞ്ഞ് കോടതി തുറന്നാലുടൻ സർവകലാശാല അപ്പീലുമായി കോടതിയെ സമീപിക്കും. 2017-ലെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ നിയമനം ലഭിച്ച 58 അധ്യാപകരും കേസിൽ കക്ഷി ചേരും.

കേരള സർവകലാശാലയിലെ വിവിധ അധ്യയന വകുപ്പുകളിലെ എല്ലാ ഒഴിവുകളും ഒറ്റ യൂണിറ്റായി കണക്കാക്കി സംവരണ തസ്തികകൾ നിശ്ചയിച്ച് നിയമനം നൽകിയത് റദ്ദാക്കിയാണ് ഹൈക്കോടതി സിംഗിൾ ഉത്തരവ് പുറപ്പെടുവിച്ചത്. കേസിൽ കേരളത്തിലെ മറ്റ് സർവകലാശാലകളും കക്ഷിചേരും.

കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് കേരളത്തിലെ വിവിധ സർവകലാശാലകളിൽ സമീപകാലത്ത് നടന്ന ഇരുനൂറോളം അധ്യാപക നിയമനങ്ങളെ ബാധിക്കും. കോഴിക്കോട്, കണ്ണൂർ, സംസ്കൃത സർവകലാശാലയിലെ നിയമനവുമായി ബന്ധപ്പെട്ട് സമാനകേസുകൾ നിലനിൽക്കുന്നുണ്ട്. 2014-ൽ സർവകലാശാല ചട്ടങ്ങളിൽ ഭേദഗതി വരുത്തിയതിന്റെ അടിസ്ഥാനത്തിൽ 2017-ലാണ് അധ്യാപക നിയമന വിജ്ഞാപനം നടന്നത്. ഇത് ഭരണഘടനാ വിരുദ്ധമെന്ന് കോടതി ചൂണ്ടിക്കാട്ടി.

സർവകലാശാലയിലെ മൊത്തം അധ്യാപക തസ്തികകളെ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ എന്ന കാറ്റഗറികളിലായി ഒറ്റ യൂണിറ്റുവീതമായി കണ്ട് നിയമനം നടത്തണമെന്നാണ് 2014-ലെ നിയമഭേദഗതി.

Content Highlights: Cancellation of lecture appointment, universitiesand teachers to give appeal