മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയുടെ ബി.എ. ഇംഗ്ലീഷ്‌ നാലാം സെമസ്റ്ററിനു വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള 'ലിറ്റററി ക്രിട്ടിസിസം' എന്ന പുസ്തകത്തിലെ കോപ്പിയടിച്ച ഭാഗം നീക്കി പ്രസിദ്ധീകരിക്കാന്‍ സര്‍വകലാശാല. ഇതിനുത്തരവാദികളായ അധ്യാപകരോട് വിശദീകരണം ചോദിക്കാനും തീരുമാനിച്ചതായി അറിയുന്നു.

പുസ്തകത്തിലെ ഏതാണ്ട് പകുതിയോളം ഭാഗങ്ങള്‍ ബി. പ്രസാദ് 1965ല്‍ പ്രസിദ്ധീകരിച്ച 'ആന്‍ ഇന്‍ട്രൊഡക്ഷന്‍ ടു ഇംഗ്ലീഷ് ക്രിട്ടിസിസം' എന്ന പുസ്തകത്തിന്റെ തനി പകര്‍പ്പാണ്. എന്നാലിക്കാര്യം സര്‍വകലാശാല പ്രസിദ്ധീകരിച്ച പുസ്തകത്തിലൊരിടത്തും വ്യക്തമാക്കിയിരുന്നില്ല.

ഈ സാഹചര്യത്തിലാണ് അടുത്ത അക്കാദമിക് വര്‍ഷത്തിലേക്ക് പുസ്തകത്തിലെ പകര്‍ത്തിയ ഭാഗങ്ങള്‍ ഒഴിവാക്കി പ്രസിദ്ധീകരിക്കാന്‍ സര്‍വകലാശാല തത്വത്തില്‍ തീരുമാനമെടുത്തിരിക്കുന്നുത്. ഇക്കാര്യം ഔദ്യോഗികമായി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

എല്ലാ പുസ്തകങ്ങളും വായിച്ചിരിക്കുകയെന്നത് മനുഷ്യസാധ്യമല്ലാത്തതിനാല്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് പുസ്തക രചയിതാക്കളാണെന്ന് സര്‍വകലാശാല പ്രസിദ്ധീകരണവിഭാഗം ഓഫീസര്‍ ഓം പ്രകാശ് പറഞ്ഞു.

പാഴ്മരമായതിന് മണ്ണിനെ കുറ്റം പറയുന്നതിനുപകരം മരത്തെ കുറ്റം പറയുന്ന സ്ഥിതിയാണ് സര്‍വകലാശാലയിലെന്ന് എഴുത്തുകാരനും അധ്യാപകനുമായ ഡോ. ആസാദ് പറഞ്ഞു.

സിന്‍ഡിക്കേറ്റിനും സെനറ്റിനും പുറമെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍പോലും നിയമനത്തില്‍ രാഷ്ട്രീയ അതിപ്രസരമുള്ളതാണ് സര്‍വകലാശാലയിലെ അവസ്ഥ. പഠന ബോര്‍ഡുകളിലെങ്കിലും അക്കാദമിക മികവിന് മുന്‍തൂക്കം നല്‍കുമോ എന്നതാണ് വിദ്യാഭ്യാസ ചിന്തകര്‍ ചോദിക്കുന്നത്.

Content Highlights: Calicut University to remove plagiarism from 'Literary Criticism' and will republish it