മലപ്പുറം: കാലിക്കറ്റ് സർവകലാശാലാ ഇ.എം.എം.ആർ.സി. മാസ്സീവ് ഓപ്പൺ ഓൺലൈൻ (മൂക്) വിഭാഗത്തിൽ ഈ സെമസ്റ്ററിൽ പുതിയ അഞ്ചുകോഴ്സുകൾ തുടങ്ങുന്നു.

'മൂക്' ദേശീയ കോ-ഓർഡിനേറ്ററായ കൺസോർഷ്യം ഫോർ എജ്യുക്കേഷണൽ കമ്യൂണിക്കേഷൻസ് ജൂലായ്-ഡിസംബർ സെമസ്റ്ററുകളിൽ നടത്തുന്ന കോഴ്സുകളുടെ പട്ടികയിലാണ് ഇവ ഇടം നേടിയത്.

തൃശ്ശൂർ സെന്റ് മേരീസ് കോളേജിലെ അധ്യാപകർ തയ്യാറാക്കിയ ബേസിക് കൺസപ്റ്റ് ഇൻ എൻസൈമോളജി (ഡോ. ദീപ ജി.മുരിക്കൻ), ബേസിക് കോഴ്സ് ഇൻ ലിറ്റററി ആൻഡ് കൾച്ചറൽ തിയറി (ഡോ. ജോസെഫെനി ജോസഫ്), ഇന്ത്യൻ റൈറ്റിങ് ഇൻ ഇംഗ്ലീഷ് (ഡോ. ബിന്ദു ആൻഫിലിപ്പ്), ഇൻട്രൊഡക്ടറി കൺസപ്റ്റ് ഓഫ് ഡിജിറ്റൽ കംപ്യൂട്ടിങ് (ബെറ്റ്സി ചാക്കോ) കോഴ്സുകൾക്ക് പുറമെ ഫോംസ് ഓഫ് ബിസിനസ് ഓർഗനൈസേഷൻ (യു.ബി. ഭാവന, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്) എന്നിവയാണ് പുതിയവ.

കോഴ്സുകൾക്ക് സൗജന്യമായി രജിസ്റ്റർചെയ്യാൻ www.swayam.gov.in എന്ന വെബ്സൈറ്റിൽ സൗകര്യമുണ്ട്. അടിസ്ഥാനയോഗ്യതയും പ്രായപരിധിയും ബാധകമല്ല.

വീഡിയോ ക്ലാസുകളും ഇന്റേണൽ അസസ്മെന്റുകളും ചേർന്ന് ഒരുകോഴ്സ് 12 മുതൽ 14 ആഴ്ചവരെയുണ്ടാകും. അവസാന പരീക്ഷയുടെ മാർക്ക്കൂടി അടിസ്ഥാനമാക്കിയാണ് സർട്ടിഫിക്കറ്റ് നൽകുക. 2018 മുതൽ അമ്പതോളം കോഴ്സുകൾ കാലിക്കറ്റ് ഇ.എം.എം.ആർ.സി. തയ്യാറാക്കിയിട്ടുണ്ട്.

Content Highlights: Calicut University to launch five new online courses, MOOC