തേഞ്ഞിപ്പലം: ചോദ്യക്കടലാസ് ഓൺലൈനായി വിതരണംചെയ്ത് പരീക്ഷ നടത്താൻ കാലിക്കറ്റ് സർവകലാശാല നടപടിതുടങ്ങി. എം.ബി.എ. അല്ലെങ്കിൽ എം.സി.എ. പരീക്ഷയ്ക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഓൺലൈനായി ചോദ്യക്കടലാസ് നൽകും.

മൂന്നുമാസത്തിനകം ഇതിനുള്ള ഒരുക്കം നടത്തും. വിജയകരമാണെങ്കിൽ ഒരുവർഷത്തിനകം എല്ലാ പരീക്ഷകൾക്കും ഓൺലൈനായിത്തന്നെ ചോദ്യക്കടലാസ് നൽകും.

അതത് പരീക്ഷാകേന്ദ്രങ്ങളിലെ ചീഫ് സൂപ്രണ്ടുമാർക്ക് ഇ-മെയിലിലാകും ചോദ്യക്കടലാസ് അയയ്ക്കുക. പരീക്ഷയുടെ നിശ്ചിത സമയത്തിനുമുൻപായി ഒറ്റത്തവണ പാസ്‌വേഡ് നൽകി (ഒ.ടി.പി.) മാത്രമേ ഇത് തുറക്കാനാകൂ. അതിവേഗ പ്രിന്റർ ഉപയോഗിച്ച് ഇത് അച്ചടിച്ച് പരീക്ഷാഹാളിൽ വിതരണംചെയ്യും.

ചോദ്യക്കടലാസ് പാക്കിങ്, വിതരണം എന്നിങ്ങനെ കൂടുതൽ സമയം ആവശ്യമായിവരുന്ന ജോലികളെല്ലാം സർവകലാശാലയ്ക്ക് ലാഭിക്കാനാകും.

പരീക്ഷാകൺട്രോളർ ഡോ. വി.വി. ജോർജുകുട്ടി, സിൻഡിക്കേറ്റിന്റെ പരീക്ഷാ സ്ഥിരംസമിതി കൺവീനർ ഡോ. സി.എൽ. ജോഷി എന്നിവരെയാണ് പദ്ധതിക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്.

Content Highlights: Calicut University to distribute question papers online