കോഴിക്കോട്: പരീക്ഷ തുടങ്ങും മുമ്പേ, പഠിപ്പിച്ച അധ്യാപകർക്കു മാർക്കിടുകയാണ് കാലിക്കറ്റ് സർവകലാശാലാ പഠനവകുപ്പിലെ വിദ്യാർഥികൾ. പഠിപ്പിക്കുന്ന വിഷയത്തിലുള്ള അവഗാഹം, ആശയവിനിമയശേഷി, ക്ലാസിനുള്ള മുന്നൊരുക്കം, വിദ്യാർഥികൾക്കു പ്രചോദനമേകാനുള്ള കഴിവ് തുടങ്ങി 16 കാര്യങ്ങൾക്കാണ് 'സ്റ്റുഡന്റ് പോർട്ടൽ' മാർക്കിടുന്നത്. ഒന്നുമുതൽ നാലുവരെ റേറ്റിങ്ങാണ് നൽകേണ്ടത്.

അധ്യാപകരെക്കുറിച്ചുള്ള അഭിപ്രായങ്ങൾ കടലാസിൽ എഴുതിവാങ്ങുന്ന രീതി മുമ്പുമുണ്ട്. എന്നാൽ, എല്ലാവരും അതിനു തയ്യാറാകാറില്ല. മോശം അഭിപ്രായം രേഖപ്പെടുത്തിയാൽ ഇന്റേണൽ മാർക്കിനെ ബാധിക്കുമോ എന്ന ആശങ്കയും പലർക്കുമുണ്ട്.

ഇതിനെല്ലാം പരിഹാരമാണു പുതിയ രീതി. ഓരോ സെമസ്റ്ററിലും പരീക്ഷാ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിനു മുന്നോടിയായാണ് അധ്യാപകരെ നിർബന്ധമായും വിലയിരുത്തേണ്ടത്. ഒന്ന്, മൂന്ന് സെമസ്റ്റർ വിദ്യാർഥികളാണ് ഇപ്പോൾ റേറ്റിങ് നടത്തുന്നത്. ഒരാൾക്ക് ഒരധ്യാപകനെക്കുറിച്ച് ഒരുതവണ മാത്രമേ റേറ്റിങ് നടത്താനാകൂ. വിദ്യാർഥികളുടെ വിലയിരുത്തൽ അധ്യാപകന് അറിയാനാകും. എന്നാൽ, ആര്, എത്ര മാർക്കുനൽകിയെന്ന് അറിയാനാകില്ല. ക്ലാസിലെ മൊത്തം വിദ്യാർഥികൾ നൽകുന്ന റേറ്റിങ്ങിന്റെ ശരാശരി നോക്കി അധ്യാപകന്റെ മികവ് വകുപ്പുമേധാവി നിശ്ചയിക്കും.

വകുപ്പുമേധാവികൾ അധ്യാപകരെക്കുറിച്ചുള്ള റേറ്റിങ് ക്രോഡീകരിച്ച് സർവകലാശാലയുടെ ആഭ്യന്തര ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള സമിതിയായ ഐ.ക്യു.എ.സിക്കു കൈമാറും. നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) പരിശോധനയുടെ ഭാഗമായാണ് ഐ.ക്യു.എ.സി. സർവകലാശാലയിലെ കംപ്യൂട്ടർ പഠനവിഭാഗത്തിന്റെ സഹായത്തോടെ പോർട്ടൽ തയ്യാറാക്കിയത്. അധ്യാപന നിലവാരം മെച്ചപ്പെടുത്തുന്നതിനും അധ്യാപകർക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ കൊണ്ടുവരുന്നതിനും ഉപകരിക്കുന്നതാണ് ഈ രീതി.

35 പഠനവകുപ്പുകളിലായി നാലായിരത്തോളം വിദ്യാർഥികളാണ് കാലിക്കറ്റിലുള്ളത്. ആദ്യഘട്ടത്തിൽ പി.ജി. വിദ്യാർഥികൾക്കാണു മാർക്കിടൽ സൗകര്യം. ഒരു വിദ്യാർഥിയെ സംബന്ധിച്ച സകല അക്കാദമിക് വിവരങ്ങളും രേഖപ്പെടുത്താനും ആവശ്യമുള്ളപ്പോൾ എടുക്കാനും കഴിയുന്ന തരത്തിൽ പോർട്ടൽ വിപുലമാക്കാനിരിക്കുകയാണ് അധികൃതർ.

സ്വയം വിലയിരുത്താൻ നല്ല മാർഗം

അധ്യാപകർക്കു സ്വയം വിലയിരുത്തുന്നതിനും ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും ഉപകരിക്കുന്നതാണ് പദ്ധതി. അധ്യാപനരീതിയിൽ അപാകങ്ങളുണ്ടെങ്കിൽ തിരിച്ചറിയാൻ വകുപ്പുമേധാവിക്കും സാധിക്കും. ആവശ്യമെങ്കിൽ ഭാവിയിൽ പരിശീലനങ്ങളും നടത്താനാകും.

-ഡോ. എം.കെ. ജയരാജ്

(വൈസ് ചാൻസലർ, കാലിക്കറ്റ് സർവകലാശാല)

Content Highlights: Calicut University Students to evaluate teachers, NAAC, Assessment