തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസ് പഠനവകുപ്പുകളില്‍ ഒന്നാംവര്‍ഷ പി.ജി. ക്ലാസ് തുടങ്ങിയെങ്കിലും വനിതാഹോസ്റ്റലില്‍ ഇടമില്ലാതെ വിദ്യാര്‍ഥിനികള്‍. കോവിഡ് കാലത്ത് തിങ്ങിത്താമസിക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നാണ് രക്ഷിതാക്കളുടെ പരാതി. ഹോസ്റ്റലിന്റെ ഒരു കെട്ടിടം കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രമായി തുടരുന്നതാണ് പ്രശ്‌നം.

നാനൂറുപേര്‍ക്ക് താമസസൗകര്യമുള്ള എവറസ്റ്റ് ബ്ലോക്കാണ് കോവിഡ് ചികിത്സാര്‍ഥം ഇപ്പോഴും ജില്ലാഭരണകൂടം കൈവശംവെച്ചിരിക്കുന്നത്. 20-ല്‍ താഴെയാളുകള്‍ മാത്രമേ നിലവില്‍ ഇവിടെ നിരീക്ഷണത്തിലുള്ളൂ. എവറസ്റ്റ്, ദേവദാരു, മുല്ല, പാരിജാതം എന്നിങ്ങനെ നാലു കെട്ടിടങ്ങളാണ് ഹോസ്റ്റലിനുള്ളത്. സംസ്ഥാനത്തെ ഏറ്റവുംവലിയ കോവിഡ് നിരീക്ഷണകേന്ദ്രമായിരുന്നു ഇവിടം.

നേരത്തേ ഏറ്റെടുത്തിരുന്ന രണ്ടു കെട്ടിടങ്ങള്‍ പിന്നീട് സര്‍വകലാശാലയ്ക്ക് കൈമാറിയിരുന്നു. ഹോസ്റ്റലുകള്‍ വിട്ടുകിട്ടാത്തതിനാല്‍ പഠനവകുപ്പിലെ ക്ലാസുകളും ഈമാസം ആദ്യമേ തുടങ്ങാനായുള്ളൂ.

പുതിയ പി.ജി. ബാച്ചില്‍ ഏറ്റവുംകൂടുതല്‍ പ്രവേശനം നേടിയത് പെണ്‍കുട്ടികളാണ്. 750 പേര്‍. ഇത്തവണ തുടങ്ങിയ ഉര്‍ദു പഠനവകുപ്പിലേക്കും പ്രവേശനം നടക്കാനിരിക്കുന്നു. സാധാരണ മുറികളില്‍ അഞ്ചുപേര്‍ക്കുവീതവും ഹാളുകളില്‍ ഡോര്‍മിറ്ററികള്‍ സജ്ജമാക്കി 20 പേര്‍ക്കുവീതവുമാണ് ഇപ്പോള്‍ സൗകര്യം നല്‍കിയിരിക്കുന്നത്. 

പി.ജി, എം.ഫില്‍, പിഎച്ച്.ഡി. എന്നിവയ്ക്കുപുറമെ സ്വാശ്രയ ബിരുദ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവരടക്കം 1700 പേര്‍ വരെ ഒരേസമയം വനിതാ ഹോസ്റ്റലിലുണ്ടാകും. അടുക്കളസൗകര്യം കൂടിയുള്ള കെട്ടിടമാണ് ചികിത്സാകേന്ദ്രമായി തുടരുന്നത്. 

സാമൂഹിക അകലം പാലിക്കുന്നതിനും പഠനസൗകര്യത്തിനുമെല്ലാം ഇതുകൂടി വിട്ടുകിട്ടണമെന്നാണ് വിദ്യാര്‍ഥിനികളുടെ ആവശ്യം. ഇക്കാര്യമുന്നയിച്ച് വൈസ് ചാന്‍സലര്‍ മുഖേന ജില്ലഭരണാധികാരികള്‍ക്ക് പലതവണ കത്തുനല്‍കിയെങ്കിലും നടപടിയായില്ലെന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ ഡോ. ടി. വസുമതി പറഞ്ഞു.

Content Highlights: Calicut university Pg Classes started, no vacancy in hostels