തൃശ്ശൂർ: എം.കോം അവസാനവർഷ വിദ്യാർഥികളെ ആശങ്കയിലാഴ്ത്തി കാലിക്കറ്റ് സർവകലാശാല. ഒന്നരവർഷം മുൻപ് നടത്തിയ ആദ്യ സെമസ്റ്റർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കുംമുൻപ് സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടാണ് സർവകലാശാല വിദ്യാർഥികളെ ഞെട്ടിച്ചിരിക്കുന്നത്. 2019-2021 അധ്യയനവർഷത്തിലെ മറ്റ് പി.ജി. കോഴ്സുകളുടെ പരീക്ഷാഫലം നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ഇവരുടെ സപ്ലിമെന്ററിക്ക് അപേക്ഷ ക്ഷണിച്ചതോടൊപ്പം എം.കോം.കാരെയും ഉൾപ്പെടുത്തുകയായിരുന്നു.

ഈ മാസം ഏഴായിരുന്നു സപ്ലിമെന്ററിക്ക് അപേക്ഷിക്കാനുള്ള അവസാനതീയതി. വിദ്യാർഥികൾ സർവകലാശാല അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ ഏഴിനകം പരീക്ഷാഫലം വരുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, അവസാനതീയതി കഴിഞ്ഞിട്ടും ഫലം വന്നിട്ടില്ല. പരീക്ഷാപേപ്പർ പരിശോധന പൂർത്തിയാക്കി സർവകലാശാലയ്ക്ക് കൈമാറിയതായി അധ്യാപകർ പറയുന്നു. ടാബുലേഷനാണ് പൂർത്തിയാകാനുള്ളതെന്ന് സർവകലാശാല അധികൃതരും സമ്മതിക്കുന്നു.

അതേസമയം കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലെ സ്വയംഭരണകോളേജുകളിലെ മൂന്ന് സെമസ്റ്ററുകളുടെ ഫലവും വന്നുകഴിഞ്ഞു. അവസാന സെമസ്റ്റർ പരീക്ഷയും പൂർത്തിയായി. ഫലം പ്രസിദ്ധീകരിക്കാത്തതിനാൽ പി.എച്ച്.ഡി. അടക്കം ഉപരിപഠനത്തിനും ജോലിക്കും അപേക്ഷിക്കാനാകാത്ത സ്ഥിതിയിലാണ് വിദ്യാർഥികൾ.

കാലിക്കറ്റ് സർവകലാശാല പി.എച്ച്.ഡി.യ്ക്ക് അപേക്ഷ ക്ഷണിച്ചുകഴിഞ്ഞു. മറ്റ് സർവകലാശാലകളും ഉപരിപഠന കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇതിനപേക്ഷിക്കാൻ ഒരു സെമസ്റ്ററിലെ പരീക്ഷാഫലമെങ്കിലും സമർപ്പിക്കണം. മാത്രമല്ല, ഫലം വൈകിയാൽ ഒരു വർഷം നഷ്ടപ്പെടുമോ എന്ന ആശങ്കയും വിദ്യാർഥികൾക്കുണ്ട്. കോവിഡ് പ്രതിസന്ധി മൂലം മിക്ക കോഴ്സുകളുടെയും ഫലം ഏറെ വൈകിയാണ് സർവകലാശാല പ്രസിദ്ധീകരിക്കുന്നത്.

Content Highlights: Calicut University invites applications for Supplementary Exam before the announcement of results