കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ബിരുദ പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്തതിനാല്‍ കേരളത്തിന് പുറത്തെ കോളേജുകളില്‍ അപേക്ഷിക്കാനാവാതെ വിദ്യാര്‍ഥികള്‍. അപേക്ഷിച്ചവരുടേത് തള്ളിപ്പോവുകയും ചെയ്തു. ഡിഗ്രി നാല്, അഞ്ച് സെമസ്റ്ററുകളുടെ പരീക്ഷാ ഫലമാണ് യൂണിവേഴ്സിറ്റി ഇനിയും പ്രസിദ്ധീകരിക്കാത്തത്. ആറാം സെമസ്റ്റര്‍ പരീക്ഷ നടക്കാനുമുണ്ട്.

കേരളത്തിന് പുറത്തെ മിക്ക സര്‍വകലാശാലകളും അപേക്ഷ ക്ഷണിച്ചുകഴിഞ്ഞു. ആറാം സെമസ്റ്റര്‍ ഇല്ലെങ്കിലും നാല്, അഞ്ച് സെമസ്റ്ററുകളുടെ ഫലം നിര്‍ബന്ധമായും അപ്ലോഡ് ചെയ്യണമെന്നാണ് അപേക്ഷിക്കുമ്പോഴുള്ള നിബന്ധന. എന്നാല്‍, വിദ്യാര്‍ഥികള്‍ക്ക് ഇത് അപ്ലോഡ് ചെയ്യാനാവാത്തതിനാല്‍ അവരുടെ അപേക്ഷ തള്ളിപ്പോവുകയാണ്. 

ചില സര്‍വകലാശാലകള്‍ അപേക്ഷ നിരസിച്ചതായി വിദ്യാര്‍ഥികള്‍ക്ക് ഇ-മെയില്‍ അയച്ചു. ഇതേത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍കാര്യം അറിയിച്ചെങ്കിലും നാല്, അഞ്ച് പരീക്ഷകളുടെ മാര്‍ക്ക് ലിസ്റ്റ് ഇല്ലാതെ ഒന്നും ചെയ്യാനാവില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്. ആദ്യ ലോക്ഡൗണ്‍ കഴിഞ്ഞശേഷം സെപ്റ്റംബറിലായിരുന്നു നാലാം സെമസ്റ്റര്‍ പരീക്ഷ. ഈ വര്‍ഷം ജനുവരി, ഫെബ്രുവരിയോടെ അഞ്ചാം സെമസ്റ്റര്‍ പരീക്ഷയും കഴിഞ്ഞു. മാര്‍ച്ചില്‍ ക്ലാസുകള്‍ പൂര്‍ത്തിയായി. ആറാം സെമസ്റ്റര്‍ പരീക്ഷ ജൂണ്‍ 15-ഓടെ തുടങ്ങാനും ഇപ്പോള്‍ തീരുമാനമായിട്ടുണ്ട്.

എല്ലാ ഫലവും ജൂലായ്ക്കകം പ്രസിദ്ധീകരിക്കും

നാലാം സെമസ്റ്റര്‍ പരീക്ഷയുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായിക്കഴിഞ്ഞെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി.സി. ബാബു പറഞ്ഞു.ലോക്ഡൗണ്‍ വന്നതിനാല്‍ ഉണ്ടായ ചില ബുദ്ധിമുട്ടുകള്‍ കാരണമാണ് ഫലങ്ങള്‍ വൈകുന്നത്. നടക്കാനിരിക്കുന്ന ആറാം സെമസ്റ്റര്‍ ഉള്‍പ്പെടെ എല്ലാ ഫലവും ജൂലായ്ക്കകം പ്രസിദ്ധീകരിക്കും.

Content Highlights: Calicut university graduation result not published yet, students couldnt apply for Higher studies