തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലാ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. 51, 140 മെറിറ്റ് സീറ്റില്‍ ട്രയല്‍ അലോട്ട്‌മെന്റിലേക്കാള്‍ 977 സീറ്റുകള്‍കൂടി ഉള്‍പ്പെടുത്തി. 46,785 പേരാണ് ആദ്യഘട്ടത്തില്‍ പട്ടികയില്‍ ഇടംനേടിയത്.

അലോട്ട്‌മെന്റിലുള്‍പ്പെട്ടവര്‍ ഒന്‍പതിനകം മാന്‍ഡേറ്ററി ഫീസടച്ച് പ്രവേശനം ഉറപ്പാക്കണം. എസ്.സി./എസ്.ടി./ഒ.ഇ.സി./ഒ.ഇ.സിക്കുതുല്യമായ വിദ്യാഭ്യാസാനുകൂല്യം ലഭിക്കുന്ന ഇതര 30 സമുദായങ്ങളിലെ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് 115 രൂപയും മറ്റുള്ളവര്‍ക്ക് 480 രൂപയുമാണ് മാന്‍ഡേറ്ററി ഫീസ്. നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ മാന്‍ഡേറ്ററി ഫീസടയ്ക്കാത്തവര്‍ക്ക് അലോട്ട്‌മെന്റ് നഷ്ടമാണ്.

രണ്ടാം അലോട്ട്‌മെന്റിനുശേഷമേ വിദ്യാര്‍ഥികള്‍ കോളേജുകളില്‍ പ്രവേശനം നേടേണ്ടതുള്ളൂ. ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന പക്ഷം ആ ഓപ്ഷനുകളില്‍ ഏതെങ്കിലും ഒന്നിലേക്ക് തുടര്‍ന്ന് അലോട്ട്‌മെന്റ് ലഭിച്ചാല്‍ അത് നിര്‍ബന്ധമായും സ്വീകരിക്കണം.

ലഭിച്ച ഓപ്ഷനില്‍ തൃപ്തരായി ഹയര്‍ ഓപ്ഷന്‍ റദ്ദ് ചെയ്തവര്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡുചെയ്ത് അതതു കോളേജുകളില്‍ പ്രവേശനം നേടാം. രണ്ടാം അലോട്ട്‌മെന്റിനുശേഷവും ഈ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നേടാന്‍ സൗകര്യം ഉണ്ടായിരിക്കും. ലോഗിന്‍ചെയ്ത് ആവശ്യമില്ലാത്ത ഓപ്ഷനുകള്‍ റദ്ദാക്കിയാല്‍ മതി. ഹയര്‍ ഓപ്ഷന്‍ റദ്ദാക്കുന്നവര്‍ നിര്‍ബന്ധമായും പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് സൂക്ഷിക്കണം.

Content Highlights: Calicut university Degree Admissions 2021