തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ പഠനവകുപ്പുകളിലെ ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷയ്ക്കും സ്വാശ്രയ സെന്ററുകള്‍, അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയില്‍ പരീക്ഷ മുഖേന പ്രവേശനം നടത്തുന്ന ബിരുദ/ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷയ്ക്കും ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.

ഓണ്‍ലൈനായി രജിസ്റ്റര്‍ചെയ്യുന്നതിനും ഫീസടയ്ക്കുന്നതിനും ഏപ്രില്‍ രണ്ടുവരെ സമയമുണ്ട്. സര്‍വകലാശാലയുടെ പഠനവകുപ്പുകളില്‍ എം.എഡ്. ഒഴികെയുള്ള കോഴ്‌സുകളിലേക്ക് പരീക്ഷ മുഖേനയാണ് പ്രവേശനം നടത്തുന്നത്. വിജ്ഞാപനപ്രകാരം വിവിധ കോഴ്‌സുകള്‍ക്ക് നിഷ്‌കര്‍ഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ളവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

അപേക്ഷാഫീസ്: ജനറല്‍ വിഭാഗത്തിന് 370/ രൂപ. എസ്.സി./എസ്.ടി. 160/ രൂപ. ഈ ഫീസ് നിരക്കില്‍ രണ്ട് പ്രോഗ്രാമുകള്‍ക്കുവരെ അപേക്ഷിക്കാം. പ്രവേശന യോഗ്യതയുടെ അടിസ്ഥാനത്തില്‍ രണ്ടില്‍ക്കൂടുതല്‍ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നവര്‍ ഓരോ അധിക പ്രോഗ്രാമിനും 55/ രൂപ വീതം അടയ്ക്കണം.

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത് രണ്ട് ഘട്ടങ്ങളായാണ്. ആദ്യഘട്ടത്തില്‍ CAPIDയും പാസ്‌വേഡും മൊബൈലില്‍ ലഭ്യമാകുന്നതിനുവേണ്ടി അപേക്ഷകര്‍ www.cuonline.ac.in > Regitsration > UG/PG Etnrance 2020 > UG/PG Etnrance Regitsration 2020 > ' New User (Create CAPID)' എന്ന ലിങ്കില്‍ അവരുടെ അടിസ്ഥാന വിവരങ്ങള്‍ നല്‍കേണ്ടതാണ്. രണ്ടാംഘട്ടത്തില്‍, മൊബൈലില്‍ ലഭിച്ച CAPID യും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ചെയ്ത് അപേക്ഷ പൂര്‍ത്തീകരിക്കേണ്ടതാണ്. അപേക്ഷയുടെ അവസാനമാണ് ഫീസടച്ച് ഫൈനലൈസ് ചെയ്യേണ്ടത്. ഫീസടച്ചതിനുശേഷം റീ ലോഗിന്‍ചെയ്ത് അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുക്കേണ്ടതാണ്. പ്രന്റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണമാകുകയുള്ളൂ. ഓണ്‍ലൈന്‍ പ്രിന്റ്ഔട്ട് സര്‍വകലാശാലയിലേക്കോ കോളേജുകളിലേക്കോ അയയ്‌ക്കേണ്ടതില്ല.

വിജ്ഞാപനം ചെയ്തിരിക്കുന്ന കോഴ്‌സുകളിലേക്ക് അഫിലിയേറ്റഡ് കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റുകള്‍ ഉള്‍പ്പെടെ എല്ലാവിഭാഗം സീറ്റുകളിലേക്കുമുള്ള പ്രവേശനം പ്രവേശനപ്പരീക്ഷ റാങ്ക്‌ലിസ്റ്റില്‍നിന്ന് മാത്രമായിരിക്കും നടത്തുക.

പ്രവേശനം സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ ഓണ്‍ലൈന്‍ ഫീ അടയ്ക്കുമ്പോള്‍ നല്കിയ മൊബൈല്‍ഫോണ്‍ നമ്പറിലേക്കായിരിക്കും അയയ്ക്കുക. ഫീസടയ്ക്കുമ്പോഴും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുമ്പോഴും വിദ്യാര്‍ഥികള്‍ അവരുടെ സ്വന്തമോ അല്ലെങ്കില്‍ രക്ഷിതാക്കളുടെയോ മാത്രം മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കണം.വെബ്‌സൈറ്റ്: www.cuonline.ac.in .ഫോണ്‍: 0494 2407016, 2407017.

Content Highlights: Calicut University calls  online application for UG, PG Entrance Examination