തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ബജറ്റിൽ പഠനവകുപ്പുകളുടെ നവീകരണത്തിനും പഠനവകുപ്പുകളെ മികവിന്റെ കേന്ദ്രങ്ങളാക്കാനുമായി അഞ്ചുകോടി വകയിരുത്തി. 520.71 കോടി രൂപ വരവും 495.06 കോടി രൂപ ചെലവും 27.99 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് സെനറ്റ് ചൊവ്വാഴ്ച അംഗീകരിച്ചു. സംസ്ഥാന പദ്ധതിവിഹിതത്തിൽ ഉൾപ്പെടുത്തി 23 കോടി രൂപയുടെയും പദ്ധതിയേതര ഇനത്തിൽ 21.88 കോടി രൂപയുടെയും പദ്ധതികളാണുള്ളത്.

മഴവെള്ള സംഭരണി (ഒരുകോടി), സുവർണജൂബിലി ബ്ലോക്ക് (അരക്കോടി), ലൈബ്രറി പുസ്തകങ്ങൾ (ഒരു കോടി), ഫിസിക്കൽ എജ്യുക്കേഷൻ കെട്ടിടം (ഒരു കോടി), പുതിയ റോഡുകൾ (അരക്കോടി), ക്ലീൻ ആൻഡ് ഗ്രീൻ കാമ്പസ് (അരക്കോടി), ചെതലയം ഐ.ടി.എസ്.ആറിൽ ഹോസ്റ്റൽ നിർമാണം (ഒരുകോടി) തുടങ്ങിയവയാണ് ഇടം നേടിയ മറ്റുപദ്ധതികൾ.

പദ്ധതിയേതര ഇനത്തിൽ സുവർണജൂബിലി പ്രാദേശിക കേന്ദ്രങ്ങൾക്ക് ആറുകോടി രൂപയും കായിക ഹോസ്റ്റൽ (മൂന്നുകോടി), അധ്യാപക ഹോസ്റ്റൽ (രണ്ടുകോടി), വിജ്ഞാന വ്യാപന കേന്ദ്രനിർമാണം (രണ്ടുകോടി), സുവർണജൂബിലി സാംസ്കാരിക കേന്ദ്രം (ഒരുകോടി), ഉത്തരക്കടലാസുകൾ സൂക്ഷിക്കുന്നതിനുള്ള ഓട്ടോമാറ്റഡ് സംവിധാനം (അഞ്ചുകോടി) എന്നിങ്ങനെയാണ് വകയിരുത്തിയിരിക്കുന്നത്.

സർവകലാശാലാ യൂണിയൻ പ്രവർത്തനങ്ങൾക്ക് 80 ലക്ഷം രൂപ, പഠനവകുപ്പ് യൂണിയന് മൂന്നരലക്ഷം രൂപ, ഫെലോഷിപ്പുകൾക്കായി 2.2 കോടി രൂപ എന്നിങ്ങനെയും നീക്കിവെച്ചിട്ടുണ്ട്.

Content Higlights: Calicut university budget, five crore rupees for study departments