തൃശ്ശൂര്‍: കാലിക്കറ്റ് സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ നിയമനത്തില്‍ യു.ജി.സി.യുടെ സംവരണതത്ത്വങ്ങള്‍ പാലിക്കുന്നില്ലെന്ന് ആരോപണം. 24 വകുപ്പുകളിലായി നടക്കുന്ന നിയമനങ്ങള്‍ സംബന്ധിച്ചാണ് പരാതി.

63 ഒഴിവുകളിലേക്കാണ് സര്‍വകലാശാല വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത്. ഇതില്‍ 16 വകുപ്പുകളിലെ 36 തസ്തികകളിലേക്ക് ജനുവരി 30-ന് നിയമനോത്തരവു നല്‍കി. ഏഴു തസ്തികകള്‍ യോഗ്യതയുള്ളവരില്ലെന്ന പേരില്‍ ഒഴിച്ചിട്ടിരിക്കുകയാണ്. യു.ജി.സി. നിര്‍ദേശപ്രകാരം എല്ലാ തസ്തികയും ഇപ്പോഴത്തെ റാങ്ക് ലിസ്റ്റില്‍നിന്നുതന്നെ നികത്തുമെന്നാണ് വിജ്ഞാപനത്തില്‍ സൂചിപ്പിച്ചിരുന്നത്. ഇതിന് വിരുദ്ധമായി സംവരണപട്ടികയിലുള്ളവരുടെ അവസരം നിഷേധിക്കുന്ന വിധമാണ് നിയമന നടപടികളുമായി സര്‍വകലാശാല മുന്നോട്ടുപോകുന്നതെന്നാണ് ആരോപണം.

വിവിധവകുപ്പുകളിലായി വെവ്വേറെ അഭിമുഖം നടത്തി റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചുവെങ്കിലും ഇവയെല്ലാം ഒറ്റയൂണിറ്റായി കണക്കാക്കണമെന്നാണ് യു.ജി.സി. അനുശാസിക്കുന്നത്. കലാമണ്ഡലം കല്പിത സര്‍വകലാശാല ഒറ്റയൂണിറ്റായിക്കൊണ്ടുള്ള നിയമനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

പി.എസ്.സി. നിയമനത്തില്‍ ഒരേ യോഗ്യതയുള്ളവരുടേതായി പ്രസിദ്ധീകരിക്കുന്ന ഒറ്റ റാങ്ക് ലിസ്റ്റിനെ ഒരു യൂണിറ്റായി കണക്കാക്കുകയും ഒഴിവിനനുസൃതമായി ആളില്ലെങ്കില്‍ ഒഴിച്ചിടുകയും ചെയ്യുന്നതാണ് രീതി. അതേസമയം സര്‍വകലാശാല ഒറ്റ യൂണിറ്റായി കാണേണ്ടത് വ്യത്യസ്ത യോഗ്യതയോടെ വ്യത്യസ്ത വകുപ്പുകളിലെ റാങ്ക് ലിസ്റ്റുകളെയാണ്.

മാത്രമല്ല സര്‍വകലാശാലയുടെ ഒന്നിച്ചുള്ള റാങ്ക് ലിസ്റ്റുകളില്‍ ഒരെണ്ണത്തില്‍ സംവരണപട്ടികയില്‍ നിന്ന് ആളില്ലെങ്കില്‍ ഒഴിച്ചിടാനോ പുനര്‍വിജ്ഞാപനം നടത്താനോ നിയമം അനുവദിക്കുന്നില്ലെന്നാണ് ഉദ്യോഗാര്‍ഥികളുടെ വാദം. അതേ യൂണിറ്റില്‍പ്പെടുന്ന അടുത്ത റാങ്ക് പട്ടികയില്‍ ഇതേ കാറ്റഗറിയില്‍ ആളുണ്ടെങ്കില്‍ സംവരണ ആനുകൂല്യം അവിടെയ്ക്കു മാറ്റിനല്‍കണമെന്നാണ് യു.ജി.സി. നിര്‍ദേശിക്കുന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു.

സര്‍വകലാശാല പിന്തുടരുന്നത് കെ.എസ്.ആര്‍. ചട്ടം

കാലിക്കറ്റ് സര്‍വകലാശാല പിന്തുടരുന്നത് കെ.എസ്.ആര്‍. ചട്ടങ്ങളാണ്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം പി.എസ്.സി.യുടെ നിയമന നടപടികളാണ് സര്‍വകലാശാലയും നടപ്പാക്കുന്നത്. യോഗ്യതയുള്ള ഉദ്യോഗാര്‍ഥിയെ ലഭിച്ചില്ലെങ്കില്‍ പി.എസ്.സി. പിന്തുടരുന്നതുപോലെ രണ്ടുതവണ വിജ്ഞാപനം നടത്തിയശേഷമേ പിന്നീട് നിയമനം നടത്തൂ. സംവരണാനുകൂല്യങ്ങള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് നഷ്ടപ്പെടരുതെന്ന കരുതലിലാണിത്.

ഡോ. സി.എല്‍. ജോഷി, രജിസ്ട്രാര്‍ കാലിക്കറ്റ് സര്‍വകലാശാല

Content Highlights: Calicut University assistant professor appointment violating reservation principals