കോഴിക്കോട്:  കോഴിക്കോട് എൻ.ഐ.ടി.യിൽ കടുത്ത അധ്യാപകക്ഷാമം നേരിടുന്നതിനിടെ രജിസ്ട്രാർ ഡോ.ബി. സുകുമാർ വെള്ളിയാഴ്ച ചുമതലയൊഴിഞ്ഞു. ഇതോടെ അധ്യാപകനിയമന നടപടി വീണ്ടും നീളുമെന്ന് ഉറപ്പായി. ആകെ 400 അധ്യാപകർ വേണ്ടിടത്ത് 200-ഓളം അധ്യാപക തസ്തിക ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.

താത്‌കാലിക അധ്യാപകരെ ഓരോ വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമിച്ചുകൊണ്ടാണ് ഇപ്പോൾ പഠനം നടത്തുന്നത്.അധ്യാപക ഒഴിവിലേക്ക് സ്ഥിരം നിയമനം നടത്താൻ നടപടികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും നടപടിക്ക് വേഗമില്ലെന്ന് ആക്ഷേപമുണ്ട്. ആയിരത്തിലേറെ അപേക്ഷകൾ ലഭിച്ചിട്ട് മാസങ്ങളായി. 

രജിസ്ട്രാറെ നേരത്തെ അഞ്ച് വർഷത്തേക്കാണ് നിയമിച്ചിരുന്നത്. എന്നാൽ രണ്ട് വർഷം മുൻപ് ഡോ.ബി. സുകുമാറിനെ നിയമിച്ചപ്പോൾ എൻ.ഐ.ടി. ബോർഡ് ഓഫ് ഗവേണേഴ്സ് ഇതിന് ഭേദഗതി കൊണ്ടുവന്നു. അഞ്ചുവർഷത്തേക്ക് നിയമിക്കുമ്പോഴും ഓരോവർഷവും നിയമനം പുതുക്കിനൽകണമെന്ന പുതിയ വ്യവസ്ഥ വെച്ചു.

ഈ വ്യവസ്ഥ പിൻബലമാക്കിയാണ് ഇപ്പോൾ ബി. സുകുമാറിനെ നീക്കിയത്. രണ്ടാംവർഷം പൂർത്തിയാക്കിയ ഇദ്ദേഹത്തിന് അടുത്തവർഷം തുടരാൻ  പുനർനിയമനം നൽകിയില്ല. ഇതോടെ രജിസ്ട്രാർ തസ്തികയിലും ആളില്ലാതായി. 

ഡെപ്യൂട്ടി രജിസ്ട്രാർ  കെ. രഘുനാഥിനാണ് ഇപ്പോൾ രജിസ്ട്രാറുടെ താത്‌കാലിക ചുമതല. ആകെയുള്ള മൂന്ന് ഡെപ്യൂട്ടി രജിസ്ട്രാർമാരിൽ രണ്ടുപേർ ഡെപ്യൂട്ടേഷനിൽ തുടരുന്നവരാണ്. ബോർഡ് ഓഫ് ഗവേണേഴ്സിലെ രണ്ട് കേന്ദ്രസർക്കാർ പ്രതിനിധികൾ ഇല്ലാതായിട്ട് ഒരു വർഷമായി.

ഫലത്തിൽ എൻ.ഐ.ടി. ഭരണസ്തംഭനം നേരിടുകയാണ്. വിവിധ കോഴ്സുകളിലേക്ക് പുതിയ പ്രവേശനം ആരംഭിച്ചുകഴിഞ്ഞ സാഹചര്യത്തിൽ ഉടനെ അധ്യാപകരെ നിയമിച്ചില്ലെങ്കിൽ  പഠനം അവതാളത്തിലാവുമെന്ന് കാണിച്ച് വിദ്യാർഥിപ്രതിനിധികൾ എൻ.ഐ.ടി. ഡയറക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.