തിരുവനന്തപുരം: ഇക്കൊല്ലം സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്ലസ് വൺ സീറ്റുകളുടെ എണ്ണം 20 ശതമാനം വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. സർക്കാരിന് അധികബാധ്യത വരാത്ത രീതിയിലായിരിക്കും സീറ്റ് വർധിപ്പിക്കുക. 

ഇക്കുറി 4,98,356 വിദ്യാർഥികളാണ് പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷിച്ചിരുന്നത്. ഇതിൽ രണ്ടുലക്ഷത്തോളം പേരെ മാത്രമാണ് അലോട്ട്‌മെന്റിന് പരിഗണിച്ചത്. 

40,105 സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയായിരുന്നു. 20 ശതമാനം സീറ്റുകൾ വർധിപ്പിച്ചതോടെ ഏതാണ്ട് മുഴുവൻ അപേക്ഷകർക്കും പ്രവേശനം ലഭിക്കുമെന്നാണ് കരുതുന്നത്. അൺഎയ്ഡഡ് മേഖലയിലടക്കം പ്ലസ് വണിന് 3,56,730 സീറ്റുകൾ നിലവിലുണ്ട്. സർക്കാർ സ്കൂളുകളിലെ മുഴുവൻ സീറ്റുകളിലേക്കും എയ്ഡഡ് സ്കൂളുകളിലെ മെറിറ്റ് സീറ്റുകളിലേക്കുമാണ് ഏകജാലകം വഴി പ്രവേശനം നല്കുന്നത്. ഈ സീറ്റുകൾ 2,41,376 വരും. 

കഴിഞ്ഞവർഷവും 20 ശതമാനം സീറ്റ് വർധിപ്പിച്ചിരുന്നെങ്കിലും പല സ്കൂളുകളിലും സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയായിരുന്നു. ചില മാനേജ്‌മെന്റുകൾ മാത്രമാണ് വർധിപ്പിച്ച സീറ്റുകളിൽ പ്രവേശനം നല്കിയത്.