ന്യൂഡൽഹി: ചാർട്ടേഡ് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി, കോസ്റ്റ് ആൻഡ് വർക്സ് അക്കൗണ്ടന്റ് യോഗ്യതകൾ ഇനി മുതൽ ബിരുദാനന്തര ബിരുദത്തിന് തുല്യമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യു.ജി.സി).

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ)യുടെ അഭ്യർഥന പ്രകാരമാണ് യു.ജി.സി തീരുമാനം. ഐ.സി.എ.ഐയുടെ അഭ്യർഥനയ്ക്ക് പിന്നാലെ ഇതേക്കുറിച്ച് പഠിക്കാൻ ഒരു വിദഗ്ധ കമ്മിറ്റിയെ യു.ജി.സി നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് സി.എ, സി.എസ്, ഐ.സി.ഡബ്യു.എ കോഴ്സുകൾ ബിരുദാനന്തര ബിരുദത്തിന് തുല്യമാക്കണമെന്ന് യു.ജി.സി തീരുമാനിച്ചത്. ഇതോടെ വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസത്തിനായി വിദേശരാജ്യങ്ങളെ സമീപിക്കാനുള്ള അവസരം കൂടിയാണ് തുറന്നിരിക്കുന്നത്.

ഇന്ത്യൻ വിദ്യാർഥികൾക്ക് ആഗോളതലത്തിൽ ചലനാത്മകത നൽകുന്ന തീരുമാനമാണിതെന്ന് ഐ.സി.എ.ഐ ട്വിറ്ററിലൂടെ അറിയിച്ചു. കൊമേഴ്സ് വിഷയങ്ങളിൽ ഗവേഷണം നടത്താനുള്ള സാധ്യതയാണ് ഇതുവഴി തുറന്നിരിക്കുന്നതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ വ്യക്തമാക്കി.

Content Highlights: CA, ICWA, CS qualifications are equivalent to PG says UGC