ന്യൂഡല്‍ഹി:  പത്താം ക്ലാസിലെ ഇംഗ്ലീഷ് ചോദ്യപേപ്പറിലെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ വിവാദത്തിലായി സി.ബി.എസ്.ഇ. സ്ത്രീകള്‍ സ്വതന്ത്രരാവുന്നത് സാമൂഹിക, കുടുംബ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് പറയുന്ന ഭാഗത്തില്‍ കുട്ടികള്‍ അച്ചടക്കമില്ലാത്തവരായി വളരാനുള്ള കാരണം കുടുംബത്തിലെ സ്ത്രീപുരുഷ തുല്യതയാണെന്നും ചൂണ്ടിക്കാട്ടുന്നു. മേല്‍പ്പറഞ്ഞവയെ കുറിച്ചുള്ള കുട്ടികളുടെ അഭിപ്രായം ആരായുന്നതാണ് പാഠ്യഭാഗം. എഴുത്തുക്കാരന്‍ ഒരു പുരുഷാധിപത്യ സ്വഭാവമുള്ള ആളാണ് എന്നത് അടക്കമുള്ള  ഓപ്ഷനുകള്‍ നല്‍കിയിരുന്നു. എഴുത്തുക്കാരന്‍ ജീവിതത്തെ ലഘുവായി കാണുന്നു എന്നതായിരുന്നു ശരിയായ ഉത്തരം.

വിവാദത്തിലായതോടെ ഈ ചോദ്യം സി.ബി.എസ്.ഇ പരീക്ഷയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇതോടെ ഈ ചോദ്യത്തിനുള്ള മുഴുവന്‍ മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. വിവാദ ചോദ്യം സംബന്ധിച്ച് പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയും പരാമർശിച്ചിരുന്നു. വിവാദ പരാമര്‍ശത്തില്‍ സി.ബി.എസ്.ഇ മാപ്പ് പറയണമെന്നായിരുന്നു ആവശ്യം. സംഭവത്തെ തുടര്‍ന്ന് അധ്യാപകരില്‍നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നുമടക്കം വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.

സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് പിന്നില്‍  ബി.ജെ.പി. സര്‍ക്കാരിന്റെ സ്ഥാപിത താത്പര്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു. എന്നാല്‍ ചോദ്യഭാഗത്തിന് എതിരഭിപ്രായങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സംഭവം സബ്‌ജെക്ട് എക്‌സ്‌പേര്‍ട്ട്‌സിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്ന് സി.ബി.എസ്.ഇ പ്രതികരിച്ചു. വിദ്യാര്‍ത്ഥികളുടെ താത്പര്യം സംരക്ഷിക്കാനായി അനുചിതമായ നടപടികള്‍ കൈക്കൊള്ളുമെന്നും ബോര്‍ഡ് അറിയിച്ചു. മുമ്പും സമാനമായ വിവാദത്തിന് ബോര്‍ഡ് ഇടയാക്കിയിട്ടുണ്ട്. മുമ്പ് പന്ത്രണ്ടാം ക്ലാസ് സോഷ്യോളജി പരീക്ഷയില്‍ ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ സി.ബി.എസ്.ഇ മാപ്പ് പറഞ്ഞിരുന്നു.

Content Highlights: C.B.S.E tenth english question paper shows women in wrong light