ന്യൂഡല്‍ഹി: പുതിയ മാതൃകയിലുള്ള സി.ബി.എസ്.ഇ. 10, 12 ക്ലാസുകളിലെ ആദ്യ ടേം പരീക്ഷയിലുണ്ടായ പോരായ്മകള്‍ പരിഹരിക്കാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉറപ്പുനല്‍കി.

ബുധനാഴ്ച വിളിച്ച ഉന്നതതലയോഗത്തില്‍ എം.പി.മാരായ എന്‍.കെ. പ്രേമചന്ദ്രനെയും കെ.സി. വേണുഗോപാലിനെയും മന്ത്രി അറിയിച്ചതാണിത്. എ.എം. ആരിഫ് എം.പി.യും മന്ത്രിയെ പ്രത്യേകംകണ്ട് മൂല്യനിര്‍ണയം ലഘൂകരിക്കണമെന്നും സിലബസിന്റെ പുറത്തുനിന്നുവന്ന ചോദ്യങ്ങള്‍ ഒഴിവാക്കി മാര്‍ക്ക് നല്‍കണമെന്നും ആവശ്യപ്പെട്ടു.

വിഷയം വിശദമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി സി.ബി.എസ്.ഇ. ചെയര്‍മാനോടു നിര്‍ദേശിച്ചു.

യോഗത്തില്‍ മന്ത്രിമാരായ വി. മുരളീധരന്‍, അന്നപൂര്‍ണാ ദേവി, സി.ബി.എസ്.ഇ. ചെയര്‍മാന്‍, വിദ്യാഭ്യാസ സെക്രട്ടറി തുടങ്ങിയവരും പങ്കെടുത്തു. ചോദ്യക്കടലാസിലെ പിഴവുകള്‍ എം.പി. പ്രേമചന്ദ്രന്‍ ലോക്സഭയില്‍ ശൂന്യവേളയില്‍ ഉന്നയിച്ചിരുന്നു. പരാതികള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ പരീക്ഷയ്ക്ക് മോഡറേഷനുണ്ടാകുമെന്നാണ് സൂചന.

Content Highlights: C.B.S.E exam new pattern will  be reconsidered; says education minister