തോപ്പുംപടി: ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയിട്ടു ദിവസങ്ങളായി. പഠിക്കാന്‍ പുസ്തകം മാത്രമില്ല. പുസ്തകമില്ലാതെ ക്ലാസുകള്‍ കേള്‍ക്കേണ്ട സ്ഥിതിയാണ് കുട്ടികള്‍ക്ക്. സി.ബി.എസ്.ഇ. സിലബസില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് പാഠപുസ്തകം കിട്ടാത്തത്. ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ എന്‍.സി.ഇ.ആര്‍.ടി.യുടെ അംഗീകൃത പാഠപുസ്തകങ്ങള്‍ തന്നെ ഉപയോഗിക്കണമെന്നാണ് ബോര്‍ഡിന്റെ നിര്‍ദേശം.

ഈ പുസ്തകങ്ങള്‍ക്കു വില കുറവാണ്. മിക്ക സ്‌കൂളുകളും സ്വകാര്യ കമ്പനികള്‍ ഇറക്കുന്ന പുസ്തകങ്ങള്‍ വിതരണം ചെയ്തുവെങ്കിലും എന്‍.സി.ഇ.ആര്‍.ടി.യുടെ പുസ്തകങ്ങള്‍ പുറമേ നിന്ന് വാങ്ങാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. കഴിഞ്ഞ അധ്യയന വര്‍ഷം അവസാനം തന്നെ അടുത്ത വര്‍ഷം എന്‍.സി.ഇ.ആര്‍.ടി. പുസ്തകം ഉപയോഗിക്കണമെന്ന് സ്‌കൂളുകള്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കോവിഡും ലോക്ഡൗണും മൂലം മിക്കവര്‍ക്കും സമയത്ത് പുസ്തകം വാങ്ങാന്‍ കഴിഞ്ഞില്ല. എന്‍.സി.ഇ.ആര്‍.ടി.യുടെ വെബ്‌സൈറ്റില്‍നിന്ന് പുസ്തകത്തിന്റെ പി.ഡി.എഫ്. ഡൗണ്‍ലോഡ് ചെയ്ത് ചിലര്‍ ഉപയോഗിക്കുന്നുണ്ട്.

പുസ്തകമുണ്ട്, വില്‍ക്കാനാവില്ല

എന്‍.സി.ഇ.ആര്‍.ടി. പുസ്തകങ്ങള്‍ക്കു ഡിമാന്‍ഡ് ഉണ്ടാകുമെന്നറിയാവുന്നതിനാല്‍ ബുക്ക് സ്റ്റാളുകളും നഗരങ്ങളിലെ വന്‍കിട പുസ്തകവില്പന കേന്ദ്രങ്ങളും വന്‍തോതില്‍ പുസ്തകങ്ങള്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. എന്നാല്‍ ലോക്ഡൗണിനെ തുടര്‍ന്ന് കടകള്‍ തുറക്കാന്‍ കഴിയാത്തതിനാല്‍ ഇവ വില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ലോക്ഡൗണില്‍ പാഠപുസ്തകങ്ങള്‍ വില്‍ക്കുന്ന സ്റ്റാളുകള്‍ക്ക് പ്രത്യേക ഇളവ് ലഭിച്ചില്ല. നോട്ട് ബുക്കുകള്‍ വില്‍ക്കുന്ന കടകള്‍ക്ക് നിയന്ത്രിതമായി കടകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. പ്രത്യേക നിര്‍ദേശമില്ലാത്തതിനാല്‍ ജില്ലയില്‍ പല മേഖലകളിലും പാഠപുസ്തകങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കുന്നില്ല.

ചില മേഖലകളില്‍ രക്ഷിതാക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് പുസ്തക കടകള്‍ തുറന്ന് വില്പന നടത്തി. എന്നാല്‍ ആ സമയത്ത് കുട്ടികളുടെയും രക്ഷിതാക്കളുടെയും വലിയ തിരക്കുണ്ടായി. ചില പുസ്തക കടകള്‍ക്കു മുന്നില്‍ വലിയ ക്യൂ തന്നെയുണ്ടായി.

സി.ബി.എസ്.ഇ. സിലബസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പാഠപുസ്തകങ്ങള്‍ ലഭിക്കുന്നതിന് ബുക്ക് സ്റ്റാളുകള്‍ തുറക്കാന്‍ അനുമതി നല്‍കണം. വെള്ളിയാഴ്ച എല്ലാ കടകളും തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഈ ദിവസം ബുക്ക് സ്റ്റാളുകളും തുറക്കുമെന്ന പ്രതീക്ഷയിലാണ് രക്ഷിതാക്കള്‍. ആ സമയത്ത് കടകളില്‍ വലിയ തിരക്കിന് സാധ്യതയുണ്ട്. പാഠപുസ്തകങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് ഈ ദിവസങ്ങളില്‍ കൂടുതല്‍ സമയം അനുവദിക്കാതെ തിരക്ക് ഒഴിവാകില്ല.

വില്‍ക്കാന്‍ അനുവദിക്കണം

പാഠപുസ്തകങ്ങള്‍ സ്റ്റോക്കുണ്ട്. പക്ഷേ, കട തുറന്ന് അത് കൊടുക്കാന്‍ കഴിയുന്നില്ല. ഒരുപാട് രക്ഷിതാക്കള്‍ ഫോണില്‍ ബന്ധപ്പെടുന്നുണ്ട്. പാഠപുസ്തകങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് തുറക്കാന്‍ അനുമതി നല്‍കണം

- സുരേഷ്, ബുക്ക് സ്റ്റാള്‍ ഉടമ, തോപ്പുംപടി

ക്ലാസ് മാത്രം പോരാ, പുസ്തകം വേണം

ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയിട്ട് പത്ത് ദിവസം കഴിഞ്ഞു. കുട്ടികള്‍ക്കു പഠിക്കാനുള്ള പുസ്തകം കിട്ടിയിട്ടില്ല. കടകള്‍ തുറക്കാത്തതാണു പ്രശ്‌നം. ഇതിനു പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം

- പി.എസ്. രമേഷ്, രക്ഷിതാവ്

പാഠപുസ്തകം ലഭ്യമാക്കണം

സി.ബി.എസ്.ഇ. വിദ്യാര്‍ഥികള്‍ക്കു മാത്രം പാഠപുസ്തകങ്ങള്‍ കിട്ടാത്ത സ്ഥിതിയുണ്ട്. പാഠപുസ്തക വില്പനശാലകള്‍ തുറക്കാന്‍ അനുമതി നല്‍കാതെ ഈ പ്രശ്‌നം പരിഹരിക്കാനാവില്ല.

- വിനോദ് ജി. നായര്‍, പ്രിന്‍സിപ്പല്‍, സെയ്ന്റ് ജോര്‍ജ് പബ്ലിക് സ്‌കൂള്‍,മൂവാറ്റുപുഴ

Content Highlights: Books for CBSE Students