ന്യൂഡല്‍ഹി: യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ (യുജിസി), അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ (എഐസിടിഇ) എന്നിവയ്ക്ക് പകരമായി കേന്ദ്രസര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ (ഹയര്‍ എജുക്കേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ - എച്ച്ഇസിഐ) സ്ഥാപിക്കും. കമ്മീഷന്റെ നിയമനിര്‍മാണത്തിനുള്ള കരട് രേഖ ഒക്ടോബറില്‍ മന്ത്രിസഭയില്‍ സമര്‍പ്പിക്കുമെന്ന്  മാനവവിഭവശേഷി വികസന മന്ത്രാലയം (എച്ച്ആര്‍ഡി) അറിയിച്ചു. ശൈത്യകാല സമ്മേളനത്തില്‍ കരട് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

എച്ച്ഇസിഐ സ്ഥാപിക്കാന്‍ നിയമ നിര്‍മാണത്തിനുള്ള കരട് രേഖ പൊതുജനങ്ങള്‍ക്കായി എച്ച്ആര്‍ഡി മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരുമായി കൂടിയാലോചന നടത്തിയ ശേഷമാണ് ബില്ലിന് അന്തിമരൂപം നല്‍കിയത്. 1956ലെ യുജിസി ആക്റ്റ്, 1987ലെ എസിടിഇ ആക്റ്റ് എന്നിവ റദ്ദാക്കിയാണ് എച്ച്ഇസിഐ നിലവില്‍വരിക.

നിലവില്‍ രാജ്യത്തെ മുഴുവന്‍ സര്‍വകലാശാലകളും യുജിസിയുടെ നിയന്ത്രണത്തിലാണുള്ളത്. എന്‍ജിനീയറിങ്, ഫാര്‍മസി, മാനേജ്‌മെന്റ്, മറ്റ് സാങ്കേതിക വിദ്യാഭ്യാസ കോളേജുകള്‍ എന്നിവയുടെ നിയന്ത്രണം എഐസിടിഇക്കാണ്.

നേരത്തെ കരട് ബില്ലില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ എച്ച്ഇസിഐ നിര്‍ദ്ദേശിച്ചിരുന്നു. അതേസമയം എച്ച്ആര്‍ഡി മന്ത്രിയുടെ കീഴിലുള്ള ഒരു ഉപദേശക സമിതിയാവും സര്‍വകലാശാലകള്‍ക്ക് ധനസഹായം നല്‍കുക. സാമ്പത്തിക നിയന്ത്രണം മന്ത്രാലയത്തിന് കൈമാറുന്നതിനെ എതിര്‍ത്ത് വിവിധ വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തുവന്നിരുന്നു.

Content Highlights: Bill to scrap UGC and AICTE to be placed before Cabinet next month