സംസ്ഥാനത്ത് ബി.എസ്‌സി. നഴ്‌സിങ്, പാരാമെഡിക്കൽ സീറ്റുകളിലേക്ക് ഇതുവരെ ലഭിച്ചത് 78,865 അപേക്ഷകൾ. സർക്കാർ, സ്വകാര്യ മേഖലയിലെ 127 നഴ്‌സിങ് കോളേജുകളിലായി 6220 സീറ്റുകളാണുള്ളത്. ലബോറട്ടറി ടെക്‌നോളജി, ഒപ്‌ടോമെട്രി തുടങ്ങി വിവിധ പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് 1971 സീറ്റുകൾ വേറെയും. കോവിഡ് സാഹചര്യത്തിൽ അയൽസംസ്ഥാനങ്ങളിൽ പ്രവേശത്തിന് ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് നഴ്‌സിങ്, പാരാമെഡിക്കൽ പ്രവേശനത്തിന് തിരക്കേറുന്നത്. കൂടുതൽ സീറ്റുകൾ അനുവദിച്ചില്ലെങ്കിൽ ഭൂരിഭാഗം വിദ്യാർഥികൾക്കും പഠനത്തിനായി സംസ്ഥാനം വിടേണ്ടിവരും.

സർക്കാർ സീറ്റുകളിലേക്ക് എൽ.ബി.എസും മാനേജ്‌മെന്റ് സീറ്റുകളിലേക്ക് നഴ്‌സിങ് കോളേജ് അസോസിയേഷനുകളും അതത് മാനേജ്‌മെന്റുകളും നേരിട്ടുമാണ് പ്രവേശനം നടത്തുന്നത്. പാരാമെഡിക്കൽ സീറ്റുകളിലേക്ക് അടക്കം എൽ.ബി.എസിൽ ഇതുവരെ 57,580 അപേക്ഷകളും ബി.എസ്‌സി. നഴ്‌സിങ്ങിനുമാത്രമായി സ്വകാര്യ നഴ്‌സിങ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷന് 9865 അപേക്ഷകളും ക്രിസ്ത്യൻ മാനേജ്മെന്റെിന് 11,420 അപേക്ഷകളും ലഭിച്ചിട്ടുണ്ട്. ഇതുകൂടാതെ സഹകരണ നഴ്‌സിങ് കോളേജുകളും അസോസിയേഷനുകളിൽ ഉൾപ്പെടാത്ത സ്വകാര്യ കോളേജുകളും മാനേജ്‌മെന്റ് സീറ്റുകളിലേക്ക് വെവ്വേറെ അപേക്ഷ സ്വീകരിച്ചിട്ടുണ്ട്.

എൽ.ബി.എസും ക്രിസ്ത്യൻ മാനേജ്‌മെന്റുകളും അപേക്ഷ സ്വീകരിക്കുന്നത് പൂർത്തിയാക്കി. സ്വകാര്യ മാനേജ്‌മെന്റ് അസോസിയേഷൻ (പി.എൻ.സി.എം.എ.കെ.) ഒക്ടോബർ ഒമ്പതുവരെ അപേക്ഷ സ്വീകരിക്കുന്നുണ്ട്.

അലോട്ട്‌മെന്റ് സമയക്രമം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഡിസംബർ 31 വരെ പ്രവേശനം നടത്താൻ നഴ്‌സിങ് കൗൺസിൽ അനുമതി നൽകിയിട്ടുണ്ട്.

 

Content Highlights: B.Sc Nursing seats 6,000, applicants 79,000 in Kerala