തിരുവനന്തപുരം : എതിർപ്പുമൂലം സർക്കാർ കോളേജുകളെ ഒഴിവാക്കി സംസ്ഥാനത്ത് കൂടുതൽ എയ്ഡഡ് കോളേജുകൾക്ക് യു.ജി.സി. സ്വയംഭരണ പദവി നൽകി. ഈ അധ്യയനവർഷം ഏഴ് എയ്ഡഡ് കോളേജുകൾക്ക് കൂടിയാണ് സ്വയംഭരണപദവി നൽകിയത്. ഇതോടെ സംസ്ഥാനത്ത് 19 കോളേജുകൾ സ്വയംഭരണപദവിക്ക് അർഹമായി. മുൻവർഷങ്ങളിലായി 12 കോളേജുകൾക്ക് ഈ പദവി ലഭിച്ചിരുന്നു. 

ചങ്ങനാശ്ശേരി അസംപ്ഷൻ, കോട്ടയം സി.എം.എസ്, കോതമംഗലം എം.എ, കുട്ടിക്കാനം മരിയൻ, എറണാകുളം സെന്റ് ആൽബർട്‌സ്, ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ്, തൃശ്ശൂർ വിമല കോളേജുകൾക്കാണ് യു.ജി.സി. സ്വയംഭരണപദവി നൽകി കഴിഞ്ഞദിവസം ഉത്തരവിറക്കിയത്.  

സംസ്ഥാനത്ത് നിലവിൽ എറണാകുളം മഹാരാജാസ് കോളേജ് മാത്രമേ സർക്കാർ മേഖലയിൽനിന്ന് സ്വയംഭരണപദവി നേടിയിട്ടുള്ളൂ. തലശ്ശേരി ബ്രണ്ണൻ കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ്, ചിറ്റൂർ ഗവ. കോളേജ് എന്നീ സർക്കാർ മേഖലയിലെ കോളേജുകൾക്ക് സ്വയംഭരണപദവി നൽകാൻ നേരത്തെ സംസ്ഥാന സർക്കാർ ശുപാർശ ചെയ്തിരുന്നു. 

യു.ജി.സി. സംഘം പരിശോധനയ്ക്കെത്തിയപ്പോൾ സ്വയംഭരണ സംവിധാനത്തോടുള്ള എതിർപ്പ് ഇടതുപക്ഷ അധ്യാപക - വിദ്യാർഥി സംഘടനകൾ ഉയർത്തിയിരുന്നു. തുടർന്ന് അവർക്ക് പരിശോധന നടത്താനായില്ല. ഏതാനും ചില എയ്ഡഡ് കോളേജുകളിലും എതിർപ്പ് മൂലം പരിശോധന മുടങ്ങി. ഇതിനാൽ അവയെ സ്വയംഭരണത്തിനായി യു.ജി.സി. പരിഗണിച്ചില്ല. 

തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതൽ സ്വയംഭരണ കോളേജുകളുള്ളത് - 172. ആന്ധ്രപ്രദേശിൽ - 130, കർണാടക -65 എന്നിങ്ങനെയാണ് സ്വയംഭരണ കോളേജുകളുടെ എണ്ണം. യു.ജി.സി. ഇതുവരെ നൂറ് സർവകലാശാലകളിലായി 575 കോളേജുകൾക്ക് സ്വയംഭരണം നൽകി. ഇതിൽ 164 എണ്ണം സർക്കാർ മേഖലയിലും 411 എണ്ണം സർക്കാരിതര മേഖലയിലെ കോളേജുകളുമാണ്. 

കോളേജുകൾക്ക് സ്വന്തമായി സിലബസ് രൂപവത്കരിക്കാനും പരീക്ഷ നടത്താനും ഫലം പ്രഖ്യാപിക്കാനും വിദ്യാർഥിപ്രവേശനം നടത്താനും അധികാരം നൽകുന്നതാണ് സ്വയംഭരണസംവിധാനം. ഇതിനായി കോളേജ് തലത്തിൽ തന്നെ അക്കാദമിക് കൗൺസിൽ, പരീക്ഷാ കൺട്രോളർ തുടങ്ങിയ സംവിധാനം ഉണ്ടാകും.

സർട്ടിഫിക്കറ്റ് നൽകുന്നത് സർവകലാശാലകളായിരിക്കും. എന്നാൽ അതിൽ പഠിച്ച കോളേജിന്റെ പേര് രേഖപ്പെടുത്തും. രാജ്യത്തെ പത്തു ശതമാനം കോളേജുകളെങ്കിലും സ്വയംഭരണമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് യു.ജി.സി. ഇതിനുള്ള പദ്ധതി ആവിഷ്‌കരിച്ചത്.

സ്വയംഭരണ കോളേജിൽ നിശ്ചിത ശതമാനം അധ്യാപകർക്ക് ഗവേഷണ ബിരുദം വേണമെന്നുണ്ട്. അക്കാദമിക മികവ് ഉറപ്പാക്കാൻ മറ്റ് കർശന വ്യവസ്ഥകളുമുണ്ട്. അധ്യാപകരുടെ സ്ഥലംമാറ്റത്തിനും മറ്റും ഈ വ്യവസ്ഥകൾ എതിരാണെന്നത് അവരുടെ എതിർപ്പിന് കാരണമായി. 

ഇടതുമുന്നണി ആദ്യംമുതൽ തന്നെ സ്വയംഭരണ കോളേജുകൾക്ക് എതിരായതിനാൽ വരുംവർഷങ്ങളിൽ പുതിയ കോളേജുകളെ സ്വയംഭരണത്തിനായി സംസ്ഥാന സർക്കാർ ശുപാർശ ചെയ്യാൻ സാധ്യതയില്ല. അക്കാദമിക സ്വയംഭരണം പൊതുവിദ്യാഭ്യാസ സമ്പ്രദായത്തെ തകർക്കുന്നതാണെന്നാണ് ഇടതുപക്ഷ കാഴ്ചപ്പാട്.