കൊച്ചി: സ്വയംഭരണാവകാശം ലഭിച്ച കോളേജുകള്‍ക്ക് അനുവദിക്കപ്പെട്ട കോഴ്‌സുകളുടെ സിലബസ് പുതുക്കാന്‍ അധികാരമുണ്ടെന്ന് ഹൈക്കോടതി. പുതുക്കിയ സിലബസ് പരിഗണിക്കാന്‍ എം.ജി. സര്‍വകലാശാല വന്‍തുക ഫീസ് ഈടാക്കുന്നത് ജസ്റ്റിസ് അനു ശിവരാമന്‍ വിലക്കിയിട്ടുമുണ്ട്.

കണ്‍സോര്‍ഷ്യം ഓഫ് ഓട്ടോണമസ് കോളേജസ് ഓഫ് കേരളയ്ക്കുവേണ്ടി എറണാകുളം സെയ്ന്റ് തെരേസാസ് കോളേജ് മാനേജിങ് ട്രസ്റ്റിയും മറ്റുമാണ് ഹര്‍ജിക്കാര്‍. ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജ്, ഇടുക്കി കുട്ടിക്കാനം മരിയന്‍ കോളേജ്, കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് എന്നീ കോളേജുകളാണ് മറ്റു ഹര്‍ജിക്കാര്‍.

എം.ജി. സര്‍വകലാശാലയാണ് എതിര്‍കക്ഷിസ്ഥാനത്തുള്ളത്. സിലബസ് അംഗീകരിക്കാന്‍ ബിരുദതലത്തില്‍ ഒരുകോഴ്‌സിന് 50,000 രൂപയും ബിരുദാനന്തരബിരുദത്തിന് ഒരുലക്ഷം രൂപയും സര്‍വകലാശാലാ ഫീസായി ആവശ്യപ്പെട്ടിരുന്നു. ഫീസ് നല്‍കിയില്ലെന്ന പേരില്‍ കണ്‍സോര്‍ഷ്യത്തിലെ കോളേജുകളുടെ സിലബസ് പരിഷ്‌കരണം സര്‍വകലാശാല പരിഗണിച്ചില്ല. അതു ചോദ്യംചെയ്താണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഫീസ് അടച്ചില്ലെന്ന പേരില്‍ അപേക്ഷ നിരസിച്ച സര്‍വകലാശാലയുടെ തീരുമാനം ഹൈക്കോടതി റദ്ദാക്കി. സ്വന്തം സിലബസ്, പരീക്ഷാരീതികള്‍ എന്നിവ നടപ്പാക്കാനുള്ള യോഗ്യത വിലയിരുത്തിയാണ് കോളേജുകള്‍ക്ക് സ്വയംഭരണാവകാശം അനുവദിക്കുന്നതെന്ന് കോടതി വിലയിരുത്തി.

കോളേജിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ശുപാര്‍ശചെയ്യുന്ന സിലബസ് പരിഷ്‌കരണം കോളേജിലെത്തന്നെ അക്കാദമിക് കൗണ്‍സില്‍ ആണ് അംഗീകരിക്കേണ്ടതെന്നാണ് നിയമവ്യവസ്ഥ. സിലബസ് പരിഷ്‌കരണത്തിലൂടെ കോഴ്‌സിന്റെ സ്വഭാവത്തില്‍ മാറ്റംവന്നിട്ടുണ്ടോ എന്നു സര്‍വകലാശാലയ്ക്ക് പരിശോധിക്കാം. നിയമാനുസൃതമാണെങ്കില്‍ പരിഷ്‌കരണം രേഖയുടെ ഭാഗമാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

സിലബസ് പരിഷ്‌കരണത്തില്‍ സര്‍വകലാശാലയുടെ സേവനം വിനിയോഗിക്കുന്നില്ലെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. അതിനാല്‍ വന്‍തുക ഫീസ് ഈടാക്കരുതെന്നായിരുന്നു വാദം. ഈ വാദം കോടതി അംഗീകരിച്ചു. സിലബസ് പരിഷ്‌കരണത്തില്‍ സര്‍വകലാശാല ചെയ്യുന്ന സേവനത്തിന് ആനുപാതികമായ ഫീസേ ഈടാക്കാവൂ എന്ന് കോടതി വ്യക്തമാക്കി. പുതിയ കോഴ്‌സിന്റെ അംഗീകാരത്തിനുമാത്രമേ അതിനുപറഞ്ഞിട്ടുള്ള ഫീസ് ഈടാക്കാനാവൂ.

കോളേജുകളുടെ സിലബസ് പരിഷ്‌കരണം സര്‍വകലാശാല പരിഗണിച്ച് ഒരുമാസത്തിനകം തീരുമാനം അറിയിക്കണം. ഓരോ കോളേജും നല്‍കുന്ന അപേക്ഷയില്‍ വ്യക്തമായ കാരണങ്ങള്‍ കാണിച്ചാണ് തീരുമാനം അറിയിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.