ചെന്നൈ: ഒരു കോഴ്‌സിലും ചേരാതെ ഓണ്‍ലൈന്‍ പരീക്ഷയെഴുതി ബിരുദ സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കാന്‍ ശ്രമിച്ച 117 പേരുടെ ഫലം മദ്രാസ് സര്‍വകലാശാല റദ്ദാക്കി.

സര്‍വകലാശാലയുടെ ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഡ് കാലത്ത് ഓണ്‍ലൈനായി പരീക്ഷയെഴുതാന്‍ നല്‍കിയ ആനുകൂല്യം ദുരുപയോഗം ചെയ്താണ് തട്ടിപ്പ് അരങ്ങേറിയത്. ക്രമക്കേട് കണ്ടെത്തിയ 117 പേരുടെയും ഫലം റദ്ദാക്കി പ്രൊവിഷണല്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് പട്ടികയില്‍നിന്ന് പേരുകള്‍ നീക്കം ചെയ്തു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശനനടപടിയെടുക്കുമെന്നും വൈസ് ചാന്‍സലര്‍ ഡോ. എസ്. ഗൗരി അറിയിച്ചു.

വിവിധകാരണങ്ങളാല്‍ കോഴ്‌സ് പൂര്‍ത്തിയാക്കാനാകാതിരുന്ന, 198081 അധ്യയനവര്‍ഷം മുതലുള്ള വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി പരീക്ഷയെഴുതി ബിരുദം നേടാന്‍ കഴിഞ്ഞവര്‍ഷം ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അവസരം നല്‍കിയിരുന്നു. ഇതു ദുരുപയോഗം ചെയ്താണ് തട്ടിപ്പിന് ശ്രമമുണ്ടായത്.

സര്‍വകലാശാലയില്‍ പഠിച്ചിരുന്നതായി വ്യാജരേഖയുണ്ടാക്കിയാണ് കുറച്ചുപേര്‍ പ്രത്യേക ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് അപേക്ഷിച്ചത്. തട്ടിപ്പില്‍ പങ്കാളികളായ, സര്‍വകലാശാലയിലെ ചില ഉദ്യോഗസ്ഥര്‍ ഈ അപേക്ഷകള്‍ അംഗീകരിച്ച് പരീക്ഷയെഴുതാന്‍ അനുമതി നല്‍കുകയായിരുന്നു. കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് ഈ പരീക്ഷകള്‍ നടന്നത്. പിന്നീട് ഫലവും വന്നു.

ഇക്കൂട്ടത്തിലെ വിദ്യാര്‍ഥികളില്‍ ചിലര്‍ ബിരുദ സര്‍ട്ടിഫിക്കറ്റിനായി സര്‍വകലാശാലയെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. രേഖകള്‍ പരിശോധിച്ചപ്പോള്‍ 117 വിദ്യാര്‍ഥികള്‍ സര്‍വകലാശാലയില്‍ ഒരു കോഴ്‌സിനുപോലും ചേര്‍ന്നിട്ടില്ലെന്നും വ്യാജരേഖ നല്‍കിയാണ് പരീക്ഷയെഴുതിയതെന്നും കണ്ടെത്തി. അതോടെ ഇവരുടെ പരീക്ഷാഫലം റദ്ദാക്കുകയായിരുന്നു.

ബിരുദത്തിന് മൂന്നു ലക്ഷം രൂപ

സര്‍വകലാശാലയിലെ ചില ഉദ്യോഗസ്ഥര്‍ഥികള്‍ സ്വകാര്യ പാരലല്‍ കോളേജുകളുടെ ഒത്താശയോടെയാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം. ഇടനിലക്കാര്‍ വഴി വ്യാജബിരുദത്തിന് വിദ്യാര്‍ഥികളില്‍നിന്ന് മൂന്നുലക്ഷം രൂപ വരെ ഈടാക്കിയിരുന്നു. ബികോം, ബി.ബി.എ. കോഴ്‌സുകളിലേക്കായിരുന്നു കൂടുതല്‍ അപേക്ഷകള്‍.

വീട്ടിലിരുന്ന് പരീക്ഷയെഴുതി ഉത്തരക്കടലാസ് അയച്ചുനല്‍കാന്‍ അവസരം നല്‍കിയതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് പകരം പുറത്തുനിന്നുള്ളവര്‍ പരീക്ഷയെഴുതിയതാകാനും സാധ്യതയുണ്ട്. ക്രമക്കേടിനെക്കുറിച്ച് വിശദമായ അന്വേഷണത്തിന് തീരുമാനമായിട്ടുണ്ട്. വ്യാഴാഴ്ച നടക്കുന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ അന്വേഷണസമിതിയെ നിയോഗിക്കും.