ന്യൂഡല്‍ഹി: ഇന്ത്യയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഒന്നാംക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ പഠന നിലവാരത്തില്‍ പിന്നിലെന്ന് ആനുവല്‍ സ്റ്റാറ്റസ് ഓഫ് എജ്യുക്കേഷന്‍ റിപ്പോര്‍ട്ട് (അസര്‍). എന്‍.സി.ഇ.ആര്‍.ടി. പാഠ്യപദ്ധതിയനുസരിച്ച് 1 മുതല്‍ 99 വരെയുള്ള സംഖ്യകള്‍ മനസ്സിലാക്കാന്‍ ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്ക് കഴിയണമെന്നിരിക്കെ 41.1 ശതമാനത്തിന് മാത്രമേ രണ്ടക്ക സംഖ്യകള്‍ തിരിച്ചറിയാന്‍ സാധിക്കുന്നുള്ളുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അതുകൂടാതെ രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന 28 ശതമാനത്തിനും രണ്ടക്ക സംഖ്യ തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ 4 മുതല്‍ 8 വയസ്സുവരെയുള്ള കുട്ടികളുടെ പഠന നിലവാരമുള്‍പ്പെടെയുള്ള വിവരങ്ങള്‍ തയ്യാറാക്കുകയാണ് അസര്‍ റിപ്പോര്‍ട്ടിന്റെ ലക്ഷ്യം. രാജ്യത്തെ 24 സംസ്ഥാനങ്ങളിലെ 26 ജില്ലകളിലായി 4-8 വയസ്സുവരെയുള്ള 36,000 ലധികം കുട്ടികള്‍ക്കിടയില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.
2009-ല്‍ പാസാക്കിയ വിദ്യാഭ്യാസത്തിനുള്ള അവകാശം സ്‌കൂളുകളില്‍ പലപ്പോഴും ലംഘിക്കപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഈ നിയമപ്രകാരം കുട്ടികള്‍ക്ക് ആറാം വയസ്സില്‍ ഒന്നാംക്ലാസ്സ് വിദ്യാഭ്യാസം ഉറപ്പാക്കണം. പക്ഷേ ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നിരിക്കുന്ന കുട്ടികളില്‍ 10-ല്‍ നാലുപേരും അഞ്ചു വയസ്സില്‍ താഴെയുള്ളവരോ ആറു വയസ്സില്‍ കൂടുതല്‍ ഉള്ളവരോ ആണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്‌കൂളിലെത്തുന്ന 4-5 വയസ്സുവരെയുള്ള കുട്ടികളില്‍ 56.8 ശതമാനവും പെണ്‍കുട്ടികളാണന്നും റിപ്പോര്‍ട്ട് പറയുന്നു. പക്ഷേ പ്രീ-സ്‌കൂള്‍ കുട്ടികളുടെ കണെക്കെടുക്കുകയാണെങ്കില്‍ അതില്‍ 49.6 ശതമാനം ആണ്‍കുട്ടികളാണ്. റിപ്പോര്‍ട്ട് അനുസരിച്ച് സ്‌കൂളിലെത്തുന്ന 6-8 വയസ്സുവരെയുള്ള കുട്ടികളില്‍ 61.1 ശതമാനവും പെണ്‍കുട്ടികളാണ്.
Content Highlights: ASER Report on Education